ആലപ്പുഴ: പ്രശസ്ത നാടകകൃത്ത് പി.എം. ആന്റണി(64) അന്തരിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം.
കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത “ക്രിസ്തുവിന്റെ ആറാം തിരുമുറിവ്”, “അമ്മ”, “മണ്ടേലക്ക് സ്‌നേഹപൂര്‍വ്വം വിന്നി”, “കടലിന്റെ മക്കള്‍” തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സംസ്‌കാരം ആലപ്പുഴയിലെ വീട്ടു വളപ്പില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നടക്കും.
ഗ്രേസിയാണ് ഭാര്യ. അജിത, അനില്‍, ആസാദ്, അനു എന്നിവര്‍ മക്കളാണ്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടക പ്രവര്‍ത്തനവുമായി സജീവമായിരുന്നു ആന്റണി. സ്‌കൂള്‍ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി. 1980 ല്‍ ആലപ്പി തീയറ്റേഴ്‌സിനുവേണ്ടി രചിച്ച “കടലിന്റെ മക്കള്‍” എന്ന നാടകം, ആദ്യ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. പീന്നീട് പ്രൊഫഷണല്‍ നാടകം വിട്ട് അമേച്വര്‍ രംഗത്ത് സജീവമായി. അടിയന്തരാവസ്ഥ കാലത്തിനുശേഷം ജനകീയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകന്‍. തുടര്‍ന്ന് സംഘടനയുടെ സംസ്ഥാന സമിതി അംഗം.
1980 ല്‍ കാഞ്ഞിരംചിറയില്‍ നടന്ന നക്‌സലൈറ്റ് കേസില്‍ പ്രതിയാക്കപ്പെട്ടു. മൂന്നുവര്‍ഷം ഒളിവില്‍. വിചാരണക്കാലത്ത് “സ്പാര്‍ട്ടക്കസ്” എന്ന നാടകം സംവിധാനം ചെയ്തു. 86 ല്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത “ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” ക്രിസ്ത്യന്‍ മതമേലധ്യക്ഷരുടെ എതിര്‍പ്പിനു പാത്രമായി. പുരോഹിത സമ്മര്‍ദത്തെ തുടര്‍ന്ന് ഭരണകൂടം നാടകം നിരോധിച്ചു. പിന്നീട് “സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം”, ക്രിസ്ത്യന്‍ പുരോഹിതരുടെ എതിര്‍പ്പിനു പാത്രമായ “വിശുദ്ധപാപങ്ങള്‍” എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു.
“സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം” മികച്ച നാടക സംവിധായകനുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിക്കൊടുത്തു. “ക്രിസ്തുവിന്റെ ആറാംതിരുമുറിവ്” വിവാദമാവുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ കേരളത്തില്‍ ആദ്യമായി സജീവമാവുകയും ചെയ്ത കാലത്ത് സെഷന്‍സ് കോടതി വിധിച്ച ആറുമാസം തടവ് ഹൈക്കോടതി ജീവപര്യന്തമായി ഉയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കുമ്പോള്‍ രചിച്ച “മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി” എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993 ല്‍ ജയില്‍ മോചിതനായി. പിന്നീട്, നാടകം അരങ്ങില്‍ അവതരിപ്പിക്കുന്ന പരമ്പരാഗത ചിട്ടവട്ടങ്ങള്‍ വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് പോകുന്ന “അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക്” എന്ന സങ്കേതം അവലംബിച്ചു. 2005 നവംബറില്‍ ആലപ്പുഴയില്‍ നിന്ന് കേരളത്തിലെമ്പാടും നാടകയാത്ര സംഘടിപ്പിച്ചു. “ടെററിസ്റ്റ്” നാടകം അടുത്തയിടെ അവതരിപ്പിച്ചു.
ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ പഠനകാലത്ത് തന്നെ നാടകമെഴുത്ത് തുടങ്ങിയിരുന്നു. ആലപ്പി തീയറ്റേഴ്‌സിന് വേണ്ടി രചിച്ച കടലിന്റെ മക്കള്‍ എന്ന ആദ്യ പ്രൊഫഷണല്‍ നാടകം മികച്ച അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടിക്കൊടുത്തു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീടു സംസ്ഥാന സര്‍ക്കാര്‍ ഈ നാടകം നിരോധിക്കുകയും ചെയ്തു.
1980ല്‍ കയര്‍ മുതലാളി സോമരാജന്‍ ഉന്മൂലനക്കേസില്‍ പ്രതിയാക്കപ്പെട്ട് മൂന്നു വര്‍ഷം ഒളിവിലായിരുന്നു. കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം 1993ല്‍ ജയില്‍ മോചിതനായി. ജയിലില്‍വച്ചാണു മണ്ടേലയ്ക്കു സ്‌നേഹപൂര്‍വം വിന്നി എന്ന കൃതി രചിച്ചത്. ഇതിനു കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.
ജയില്‍വാസത്തെക്കുറിച്ചും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പി.എം ആന്റണി പിന്നീട് പറഞ്ഞത് ഇപ്രകാരമാണ്…
“ജനകീയ സാംസ്‌കാരിക വേദിക്കാരെല്ലാം ഭരണകൂടത്തിനും ജനങ്ങള്‍ക്കും നക്‌സലൈറ്റുകളാണ്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ നക്‌സലൈറ്റ് ആയിരുന്നത്. പാര്‍ട്ടി അംഗത്തെയാണ് നക്‌സലൈറ്റ് എന്നുവിളിക്കുന്നതെങ്കില്‍ ഞാനൊരിക്കലും അതായിരുന്നില്ല. ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനെന്ന് വിളിക്കാം. പക്ഷെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് ഞാന്‍ ഒരിക്കലും എതിരില്ല.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഞാനുണ്ട്. ഇനിയും അത്തരം മുന്നേറ്റമുണ്ടായാല്‍ അവര്‍ക്ക് ഒപ്പം, ഒരു പടി മുന്നിലായി ഞാനുണ്ടാകും. മുദ്രാവാക്യം വിളിക്കാനും, നാടകം ചെയ്യാനുമൊക്കെയായി. അത്തരം മുന്നേറ്റങ്ങളില്‍ നിന്നോ, ആ ശ്രമങ്ങളില്‍ നിന്നോ മാറി നില്‍ക്കാന്‍ എനിക്കാവില്ല.”
(പി.എം.ആന്റണിയുമായി ആര്‍.കെ.ബിജുരാജ് 2007-ല്‍ നടത്തിയ അഭിമുഖം)