റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മര്‍ദനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദിവ്യ കുമാരി എന്ന വിദ്യാര്‍ത്ഥി ഇന്നലെ (ചൊവ്വ)യാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് സംഭവം.
സ്‌കൂളിലേക്ക് ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ചെത്തിയതിനാണ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചത്. മുഖത്തടിയേറ്റ വിദ്യാര്‍ത്ഥി പിന്നീട് വിഷാദാവസ്ഥയിലായെന്നാണ് വിവരം. സംഭവത്തില്‍ ദിവ്യയുടെ മാതാപിതാക്കള്‍ ബാര്‍ഗഡ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സ്ലിപ്പറുകള്‍ സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിന്‍സിപ്പലിന്റെ മര്‍ദനം. സെപ്റ്റംബര്‍ 15നായിരുന്നു സംഭവം. സ്ലിപ്പര്‍ ധരിച്ചെത്തിയ ദിവ്യ സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുക്കുകയായിരുന്നു.
പിന്നാലെ പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന ദ്രൗപതി മിന്‍സ് ദിവ്യയെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ദിവ്യ പിന്നീട് വിഷാദാവസ്ഥലയിലേക്ക് പോകുകയായിരുന്നു.
ഡാല്‍ട്ടന്‍ഗഞ്ചിലെ ഒരു ആശുപത്രിയിലാണ് വിദ്യാര്‍ത്ഥി ചികിത്സ തേടിയിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കുട്ടിയെ റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ദിവ്യ കുമാരി മരണപ്പെട്ടത്.
നിലവില്‍ കുട്ടിയെ മര്‍ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗര്‍വയില്‍ പ്രതിഷേധം ഉയരുകയാണ്. വിദ്യാര്‍ത്ഥിയുടെ മരണം സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രംഗത്തെത്തി.
വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി എത്തിയ കുടുംബവും നാട്ടുകാരും തെഹ്രി ഭണ്ഡാരിയ ചൗക്കിലെ പ്രധാനപ്പെട്ട റോഡുകള്‍ ഉപരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധത്തില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ പ്രിന്‍സിപ്പില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Content Highlight: Plus Two student dies after being beaten up by school principal in Jharkhand