കല്‍പറ്റ: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. വയനാട് ജില്ലയിലെ കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മര്‍ദനത്തിനിരയായത്. വൈത്തിരി പുതുച്ചേരി വീട്ടില്‍ ഷയാസ് എന്ന പതിനാറുകാരന്‍ ഇപ്പോള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിനും പിന്‍ കഴുത്തിനും ചവിട്ടേറ്റിട്ടുണ്ട്. നാല് ദിവസം മുമ്പാണ് ഷയാസ് കണിയാമ്പറ്റ സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്.
താടിയും മീശയും വടിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെന്നും അവരുടെ നിര്‍ബന്ധപ്രകാരം താടി വടിച്ചുവെന്നും എന്നാല്‍ മീശ വടിക്കാത്തതിനാല്‍ അഞ്ച് പേര്‍ ചേര്‍ന്ന് സ്‌കൂളിന് പുറത്തുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞത്. കേസ് കൊടുത്താലും കുഴപ്പമില്ലെന്നും തിരിച്ച് സ്‌കൂളിലേക്ക് തന്നെ വരുമ്പോള്‍ ബാക്കി തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
അതേസമയം റാഗിങ് നിരോധന നിയമത്തിന് ഭേദഗതി കൊണ്ടുവാരാന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ബോഡി ഷെയിമിങ്ങും ഓണ്‍ലൈന്‍ വഴിയുള്ള റാഗിങ്ങും കുറ്റകരമാക്കും. ബില്ലിന്റെ കരട് രൂപം തയ്യാറായി. ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഈ നിയമത്തിന് കീഴില്‍ ഉള്‍പ്പെടും. വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതും റാഗിങ് കുറ്റമായി കാണക്കാക്കും.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനായി 1998ല്‍ നിലവില്‍ വന്ന കേരള റാഗിങ് നിരോധന നിയമമാണ് നിലവിലുള്ളത്. ഈ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ റാഗിങ്, ബോഡി ഷെയ്മിങ്, വിദ്യാര്‍ഥികളെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാര്യങ്ങളും കൂടി റാഗിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരും.
ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി പരാമര്‍ശിച്ച് ആ വ്യക്തിയെ അപമാനിക്കുന്നത് ഇനി മുതല്‍ നിയമപ്രകാരം കുറ്റകൃത്യമാകും. റാഗിങ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റാഗിങ് നിരോധന നിയമത്തില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ഡീം യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.
ഗ്രൗണ്ടുകള്‍, വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, സഞ്ചരിക്കുന്ന വഴികള്‍ എന്നിവയിലെല്ലാം ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അവയെല്ലാം റാഗിങ് നിയമത്തിന്റെ പരിധിയില്‍ വരുത്തി കര്‍ശന നടപടിയെടുക്കുന്നതായിരിക്കും പുതുക്കിയ നിയമം.
Content Highlight: Plus One student brutally beaten up for ragging