| Friday, 16th January 2026, 9:50 am

ഉത്തരവാദിത്തമില്ലാത്ത ടീമിനൊപ്പമുള്ള കേസന്വേഷണം, സൂര്യ 47 കൊറിയന്‍ ബ്ലോക്ക്ബസ്റ്ററിന്റെ റീമേക്കാകുമോ?

അമര്‍നാഥ് എം.

വലിയൊരു ഹിറ്റ് ലഭിച്ചിട്ട് കാലങ്ങളായെങ്കിലും തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. താരത്തിന്റെ ലൈനപ്പിലുള്ള സിനിമകളെല്ലാം ഒന്നിനൊന്ന് പ്രതീക്ഷ നല്‍കുന്നവയാണ്. താരത്തിന്റെ ഏറ്റവും പുതിയ പ്രൊജക്ടാണ് സൂര്യ 47. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു.

പ്രധാന ഷൂട്ട് ഇനിയും ആരംഭിച്ചിട്ടില്ലാത്ത സൂര്യ 47ന്റെ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയിരിക്കുകയാണ്. ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സാണ് സൂര്യ 47നെ ഏറ്റെടുത്തത്. പൊങ്കലിനോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട പൊങ്കല്‍ പണ്ടികൈയുടെ ഭാഗമായാണ് ഈ വിവരം എല്ലാവരിലേക്കുമെത്തിയത്. ഇതോടൊപ്പം ചിത്രത്തിന്റെ സിനോപ്‌സിസും നെറ്റ്ഫ്‌ളിക്‌സും പുറത്തുവിട്ടിരുന്നു.

‘ഒട്ടും സീരിയസല്ലാത്ത ഒരു ടീമിനൊപ്പം സീരിയസായിട്ടുള്ള ഒരു ക്രൈം അന്വേഷിക്കുന്ന പൊലീസ് ഓഫീസറുടെ കഥ’ എന്നാണ് ചിത്രത്തിന്റെ പ്ലോട്ടായി നല്‍കിയിരിക്കുന്നത്. ജിത്തു മാധവന്റെ സ്ഥിരം രീതിയില്‍ കോമഡിക്ക് പ്രാധാന്യം നല്‍കുന്ന പ്രൊജക്ടാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇതേ പ്ലോട്ടിലെത്തിയ ഒരു കൊറിയന്‍ ചിത്രവും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

2019ല്‍ റിലീസായ കൊറിയന്‍ ചിത്രം എക്‌സ്ട്രീം ജോബിന്റെ കഥയും ഇതുപോലെയായിരുന്നു. ചെയ്യുന്നതെല്ലാം അബദ്ധമായി മാറുന്ന ഒരുകൂട്ടം പൊലീസുകാരെ ഉപയോഗിച്ച് വലിയൊരു ഗ്യാങ്‌സ്റ്ററെ പിടിക്കാനിറങ്ങുന്ന ഉദ്യോഗസ്ഥന്റെ കഥയാണ് എക്‌സ്ട്രീം ജോബ് പറഞ്ഞത്. സോങ് യങ് ക്യു പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിലും വന്‍ വിജയമായി മാറി. 120 മില്യണാണ് ചിത്രം സ്വന്തമാക്കിയത്.

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കൊറിയന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു എക്‌സ്ട്രീം ജോബ്. ആദ്യാവസാനം കോമഡി നിറഞ്ഞ ചിത്രത്തിന്റെ പ്ലോട്ട് അതിഗംഭീരമാണ്. തമിഴില്‍ സൂര്യക്ക് ഗംഭീര തിരിച്ചുവരവൊരുക്കാന്‍ ഈയൊരു ചിത്രത്തിന് സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജിത്തു മാധവന്റെ മേക്കിങ്ങില്‍ ഈ പ്ലോട്ട് ഗംഭീരമായി അവതരിപ്പിക്കാനാകുമെന്നും അഭിപ്രായമുണ്ട്.

ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി മലയാളികളാണ് സൂര്യ 47ല്‍ അണിനിരക്കുന്നത്. സൂര്യക്കൊപ്പം മലയാളി താരം നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയയാണ് ചിത്രത്തിലെ നായിക. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഉണ്ണി പാലോടാണ്.

സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. കൊച്ചിയില്‍ നാല് ദിവസത്തെ പ്രൊമോ ഷൂട്ടിന് ശേഷം പ്രധാന ഷൂട്ട് അടുത്തയാഴ്ച ആരംഭിക്കും. ഫെബ്രുവരി ആദ്യവാരമാകും ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുക. ഈ വര്‍ഷത്തെ ദീപാവലി റിലീസാണ് സൂര്യ 47 ലക്ഷ്യം വെക്കുന്നത്.

Content Highlight: Plotline of Suriya 47 indicates that it might be remake of Korean movie Extreme Job

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more