| Saturday, 18th July 2026, 1:26 pm

പ്ലീഡര്‍ നിയമന വിവാദം: ശുപാര്‍ശ ചെയ്തത് ഒരു യുവ എം.പി; കെ.എസ്.യു അഭിപ്രായം പറയുന്നതിനോട് തര്‍ക്കമില്ല: കെ.ബാബു

നിഷാന. വി.വി

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബു. പ്ലീഡര്‍ നിയമനത്തില്‍ ഒരു പ്ലീഡറുടെ നിയമനം മുഖ്യമന്ത്രിയോട് ഒരു യുവ എം.പി ശുപാര്‍ശ ചെയ്തതാണെന്നും അതില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ യുവ എം.പി ഹൈബി ഈടനോ ഷാഫി പറമ്പിലോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ കെ.എസ്.യു അഭിപ്രായം പറയുന്നതില്‍ തനിക്കൊരു തര്‍ക്കമില്ലെന്നും കെ.ബാബു പറഞ്ഞു.

‘ഒരു വക്കീലിന്റെ നിയമനം എനിക്ക് കൃത്യമായി അറിയാം അതൊരു യുവ എം.പി മുഖ്യമന്ത്രിയോട് റെക്കമെന്‍ഡ് ചെയ്തതാണ്. അത് ഹൈബി ഈടനോ ഷാഫി പറമ്പിലോ അല്ല. ആ കാര്യത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറയാനാവില്ല. പക്ഷേ കെ.എസ്.യു അഭിപ്രായം പറയുന്നതിലൊന്നും എനിക്കൊരു തര്‍ക്കവുമില്ല,’ കെ.ബാബു പറഞ്ഞു.

എല്ലാ ഗവണ്‍മെന്റും രാഷ്ട്രീയം നോക്കുമെന്നും കഴിഞ്ഞ തവണയും രാഷ്ട്രീയം നോക്കിയല്ലെ ഗവണ്‍മെന്റ് പ്ലീഡറെ നിയമിച്ചതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയം മാത്രമല്ല യോഗ്യതയും കൂടി നോക്കിയാണ് മുഖ്യമന്ത്രി ഗവണ്‍മെന്റ് പ്ലീഡറെ നിയമിച്ചതെന്നും കെ. ബാബു പറഞ്ഞു.

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ തരുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല സര്‍ക്കാര്‍ ഇവിടെയിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന് മുഖം നല്‍കാനും കൂട്ടാക്കിയിരുന്നില്ല.

Content Highlight: Pleader appointment controversy: Recommendation made by a young MP; no objection to KSU expressing its opinion: K. Babu.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more