ന്യൂദൽഹി: ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള പോഷ് ആക്ട് ( POSH ) രാഷ്ട്രീയ പാർട്ടികളിലും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകയായ യോഗമായ എം.ജിയാണ് ഹരജി സമർപ്പിച്ചത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 14,15,19,21 എന്നിവ ലംഘിച്ച്, സ്ത്രീ രാഷ്ട്രീയ പ്രവർത്തകരെ പോഷിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
ബി.ജെ.പി, കോൺഗ്രസ്, സി.പി.ഐ.എം, എ.എ.പി, ടി.എം.സി, തുടങ്ങിയ പാർട്ടികളെയും കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമീഷനെയും അഭിഭാഷക സമർപ്പിച്ച ഹരജിയിൽ കക്ഷി ചേർത്തിട്ടുണ്ട്.
2013 ലെ പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്നുവെന്നും അതിനാൽ അതിൽ വിവരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണെന്നും ഹരജിയിൽ പറയുന്നുണ്ട്. 2013ലെ വിശാഖ V/s സ്റ്റേറ്റ് ഓഫ് രാജസ്ഥാനിലെ സുപ്രീം കോടതി വിധിയിലെ നിർദേശങ്ങൾക്ക് അനുസൃതമായി ഒരു പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകൾക്ക് സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ലൈംഗിക പീഡനം തടയുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും അവർ പറഞ്ഞു. ഇതിനായി പാർട്ടികളെ ഉത്തരവാദിത്തപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്നും അഭിഭാഷക സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ആഭ്യന്തര പരാതി സെല്ലുകൾ (ഐ.സി.സി) പാർടികളിൽ വേണമെന്നും ആവശ്യമുണ്ട്.
സി.പി.ഐ.എം മാത്രമാണ് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തി ഐ.സി.സികൾ രൂപീകരിച്ചതെന്ന് ഹരജിയിൽ പറയുന്നുണ്ട്. ബി.ജെ.പിയിൽ ഐ.സി.സി രൂപീകരിച്ചിട്ടില്ലന്നും ഇപ്പോഴും അച്ചടക്ക സമിതിക്ക് പരാതികൾ നൽകുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസിൽ ഐ.സി.സികൾ രുപീകരിച്ചുവെങ്കിലും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്ക് വ്യാപിപ്പിച്ചിട്ടില്ല. ആം ആദ്മി പാർട്ടിയുടെ ഐ.സി.സിയിലെ കമ്മിറ്റി അംഗങ്ങളുടെ വിശദാംശങ്ങൾ അജ്ഞാതമാണ്.
2024 ല്‍ സമാനമായ ഹരജി നല്‍കിയിരുന്നുവെന്നും എന്നാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകാനുള്ള നിർദേശങ്ങളോടെ തീർപ്പാക്കിയെന്നും, പിന്നീട് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഹരജിക്കാരി പറഞ്ഞു. എങ്കിലും 2024 ഡിസംബർ മൂന്നിലെ ഉത്തരവോടെ, പോഷ് ആക്ടിന്റെ നടത്തിപ്പിനായി സുപ്രീം കോടതി വിപുലമായ മാർഗനിർദേശങ്ങൾ നൽകുകയും, എല്ലാ തലങ്ങളിലും അതിന്‍റെ നടത്തിപ്പ് പതിവായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
Content Highlight: Plea in Supreme Court seeks political parties to comply with POSH law