| Monday, 5th October 2026, 2:04 pm

ഗ്യാനേഷിനെതിരായ ഹരജി: കേന്ദ്രത്തിനും തെരഞ്ഞടുപ്പ് കമ്മീഷനും നോട്ടീസയച്ച് കോടതി; ഇടക്കാല ഉത്തരവില്ല

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാരിന് പുറമെ തെരഞ്ഞടുപ്പ് കമ്മീഷനും ഗ്യാനേഷിനും മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ക്കും കോടതി നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെയും എസ്.ഐ.ആര്‍ പ്രക്രിയയെയും ചോദ്യം ചെയ്തുള്ള രണ്ട് ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍. ഗ്യാനേഷിനെതിരെ എസ്.ഐ.ടി അന്വേഷണത്തിന് ഹരജികളില്‍ ആവശ്യപ്പെടുന്നു. രാജ്യവ്യാപകമായി പ്രഖ്യാപിച്ച എസ്.ഐ.ആര്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹരജിക്കാര്‍ ഉന്നയിക്കുന്നു.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഗ്യാനേഷ് ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ ഹരജികള്‍. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികളില്‍ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിയോജിപ്പുകള്‍ അവഗണിച്ച് ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

രാകേഷ് കുമാര്‍ സിങ് എന്നയാളാണ് ഗ്യാനേഷിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഒരു ഹരജി സമര്‍പിച്ചത്. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാദപരമായ നടപടികള്‍ ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂടുകള്‍ക്ക് അനുസരിച്ച് എടുത്തതാണോ എന്ന് പരിശോധിക്കണം. അതിനായി കമ്മീഷന്റെ രേഖകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇടക്കാല നടപടിയായി ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതി ഇന്ന് വിസമ്മതിച്ചത്.

ഭരണ ഘടനയുടെ 324(1) അനുച്ഛേദം പ്രകാരം തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം, നിര്‍ദേശം, നിയന്ത്രണം എന്നിവയുടെ അധികാരങ്ങള്‍ ഒരു കമ്മീഷനിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറില്‍ മാത്രം അത് നിക്ഷിപ്തമാക്കുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.

എസ്.ഐ.ആര്‍ പ്രക്രിയയും അതിന്റെ ഭാഗമായി സ്വീകരിച്ച എല്ലാ നടപടികളും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നിയമസാധുതയില്ലാത്തതാണ്. അവ തുടക്കം മുതല്‍ തന്നെ അസാധുവായതായി പ്രഖ്യാപിക്കണം. നിയമപരമായോ ഭരണഘടനാപരമായോ ഉള്ള അധികാരമില്ലാതെയും, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെയും ആണ് എസ്.ഐ.ആര്‍ നടപടികള്‍ നടപ്പിലാക്കിയതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഗ്യാനേഷ് ഏകപക്ഷീയമായി എടുത്ത 14 തീരുമാനങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് രണ്ടാമത്തെ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണത്തിന് സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെയോ പ്രത്യേക അന്വേഷണ സംഘത്തെയോ (എസ്.ഐ.ടി) നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാനാണ് ഹരജിയില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ-ഐടി വിദഗ്ധരുടെ സഹായത്തോടെയാവണം കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്യാനേഷിന്റ കീഴില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായത് മുമ്പെങ്ങുമില്ലാത്ത വീഴ്ചയാണെന്ന് ‘2026 സെപ്റ്റംബര്‍ 23-ന് പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിനെ സൂചിപ്പിച്ച് ഹരജിയില്‍ പറയുന്നു. ഗ്യാനേഷ് കുമാറിന്റേതെന്ന് ആരോപിക്കപ്പെടുന്ന പ്രവൃത്തി ഔദ്യോഗിക പരിരക്ഷയുടെ പരിധിക്ക് തീര്‍ത്തും പുറത്തുള്ളതാണ്. അതിനെതിരെ വ്യക്തിപരമായി ചെയ്ത ക്രിമിനല്‍ കുറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഹരജിയില്‍ പറയുന്നു.

Content Highlight: Plea against chief Gyanesh Kumar: Supreme Court seeks response of Election Commission

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more