| Thursday, 26th January 2012, 11:44 am

മായവതിയുടെ കഥപറഞ്ഞ എന്റെ ചെരുപ്പിന് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മുഖ്യമന്ത്രി മായാവതിയുടെ ജീവിതശൈലിയെ പരിഹസിക്കുന്ന നാടകം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. എന്റെ ചെരുപ്പ് (മൈ സാന്റല്‍) എന്ന നാടകമാണ് നിരോധിച്ചത്.

ഈ നാടകത്തിന് മായാവതിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന ആരോപണം സംവിധായകന്‍ മുകേഷ് കുമാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഈ നാടകം അവതരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും അതിനാല്‍ പ്രദര്‍ശനം അനുവദിക്കാനാകില്ലെന്നും ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

മായാവതിയുമായി നാടകത്തിന് ബന്ധമില്ലെന്ന് സംവിധായകന്‍ പറയുമ്പോഴും അത് മായാവതിയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്നാണ് നാടകം കാണ്ടവര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുമായി സാമ്യമുള്ള കഥാപാത്രങ്ങളുമാണ്  അതിലുണ്ട്.

മായാനഗരി എന്ന രാജ്യം ഭരിക്കുന്ന മായ എന്ന രാജകുമാരിയുടെ കഥയാണ് മൈ സാന്റല്‍ പറയുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുംകൊണ്ടുവരുന്ന ഗുണനിലവാരമുള്ള ചെരുപ്പുകളോട് ഇവര്‍ക്ക് വലിയ താല്‍പര്യമായിരുന്നു. മായയുടെ പാദസേവകര്‍  ഇതുപോലുള്ള നിരവധി ചെരുപ്പുകള്‍ അവര്‍ക്ക് സമ്മാനിച്ചു.

ഇതുപോലെ രണ്ട് വിലപിടിച്ച ചെരുപ്പുകള്‍ മായയ്ക്ക് പിറന്നാള്‍ സമ്മാനമായി അടുത്ത അനുയായികളായ സതീഷും നസീമും നകുലും നല്‍കുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷചടങ്ങുകള്‍ അവസാനിച്ചശേഷം ഈ വിലപിടിച്ച ചെരുപ്പുകള്‍ രാജകുമാരിയുടെ ഖജനാവില്‍ സൂക്ഷിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു.

എന്നാല്‍ ഈ ചെരുപ്പുകള്‍ മായയുടെ ഇഷ്ടമൃഗമായ ആനകള്‍ അവിചാരിതമായി വിഴുങ്ങുന്നു. ഈ ആനകള്‍ക്ക് കഴിക്കാന്‍ മായയുടെ ഖജനാവില്‍ നിന്നും ദിവസവും രത്‌നകള്‍  നല്‍കാറുണ്ടായിരുന്നു. ചെരുപ്പുകള്‍ ആനവിഴുങ്ങിയതോടെ പാദസേവകര്‍ക്ക് പേടിയായി. ആനയുടെ വയറ്റില്‍ നിന്നും ചെരുപ്പുകള്‍ വീണ്ടെടുക്കാന്‍ പാദസേവകള്‍ കൊട്ടാരം വൈദ്യന്റെ സഹായം തേടുന്നു. ആനയ്ക്ക് വയറിളക്കാനുള്ള മരുന്ന് നല്‍കാമെന്ന് വൈദ്യന്‍ പറയുന്നു. ആനയുടെ വയറ്റിലെ ചെരുപ്പുകളും രത്‌നങ്ങളും പുറത്തുവരും.

ഡോക്ടറുടെ മരുന്ന് ഫലിച്ചു. ആനയുടെ വയറ്റില്‍ നിന്നും ചെരുപ്പുകള്‍ പുറത്തുവന്നു. എന്നാല്‍ ഒരു രത്‌നം പോലും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. പകരം സ്വത്തുക്കള്‍ വാരിക്കൂട്ടാനായി മായ നടത്തിയ അഴിമതി വിവരങ്ങള്‍ അടങ്ങുന്ന രേഖകളാണ് പുറത്തുവന്നത്.

malayalam News

Kerala news In English

We use cookies to give you the best possible experience. Learn more