ചെന്നൈ: ഗസയ്ക്ക് ഐക്യദാർഢ്യവുമായി തമിഴ് സിനിമ താരങ്ങളായ പ്രകാശ് രാജും സത്യരാജും സംവിധായകൻ വെട്രിമാരനും. പെരിയാർ ഫോളോവേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പങ്കെടുത്തതാണ് ഇവർ ഐക്യദാർഢ്യം അറിയിച്ചത്.
ഗസയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.എസിനെയും നടൻ പ്രകാശ് രാജ് കുറ്റപ്പെടുത്തി.
‘ഫലസ്തീനിൽ നടക്കുന്നത് അനീതിയാണ് ഇതിന്റെ ഉത്തരവാദികൾ ഇസ്രഈൽ മാത്രമല്ല അമേരിക്കയും കൂടിയാണ്. മോദിയുടെ നിശബ്ദതയും ഇതിനുത്തരവാദിയാണ്’ പ്രകാശ് രാജ് പറഞ്ഞു.
ആക്രമണങ്ങൾ നടത്തിയ ശേഷം ഇസ്രഈലിന് എങ്ങനെയാണ് സമാധാനപരമായി ഉറങ്ങാൻ കഴിയുന്നതെന്ന് സത്യരാജ് ചോദിച്ചു. മനുഷ്യൻ കുരങ്ങുകളിൽ നിന്നും പരിണമിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അത് പാതിവഴിയിൽ നിന്നുപോയെന്നും ഗസയ്ക്ക് വേണ്ടി ലോകരാജ്യങ്ങൾ ഇടപെടണമെന്നും സത്യരാജ് കൂട്ടിച്ചേർത്തു. വിമോചനത്തിനായി ആളുകൾ പോരാടുമ്പോൾ വംശഹത്യ നടക്കുന്നുവെന്നും സത്യരാജ് പറഞ്ഞു. തമിഴ് ഈഴ പോരാട്ടവുമായി താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഫലസ്തീനിൽ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് സംവിധായകൻ വെട്രിമാരൻ പറഞ്ഞു. സ്കൂളുകളും ആശുപത്രികൾപോലും ഇസ്രഈൽ വെറുതെ വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഫിയ ധരിച്ചാണ് മൂവരും സദസ്സിൽ എത്തിയത്. ഇസ്രഈൽ മനുഷ്യത്വ ലംഘനമാണെന്ന് നടത്തുന്നതെന്നും ഇത് വളരെ അസഹനീയമാണെന്നും താരങ്ങൾ പറഞ്ഞു.
തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകൾ, ഇസ്‌ലാമിക അസോസിയേഷനുകൾ എന്നിവർ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു. വിടുതലൈ ചിരുതൈഗൽ കക്ഷി നേതാവും എം.പിയുമായ തോൽ തിരുമാവളവൻ, എം.എൽ.എ തനിയരസു, മനിതനേയ മക്കൾ കക്ഷി നേതാവ് ജവാഹരുള്ള, മെയ് 17 മൂവ്‌മെന്റ് കോർഡിനേറ്റർ തിരുമുരുകൻ ഗാന്ധി എന്നിവരും ഫലസ്തീന്‍ അനുകൂല മാർച്ചിൽ പങ്കെടുത്തു. കൂടാതെ ആയിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
Content Highlight: Planned genocide in Palestine; Tamil stars express solidarity with Gaza