| Thursday, 12th June 2025, 2:49 pm

ഗുജറാത്തിൽ വിമാനം തകർന്ന് വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക്ക് ഓഫിനിടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാ​ദ്: ​ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്ന് വീണു. വിമാനം പറന്നുയരുന്നതിനിടെ തകർന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയാണ് സംഭവമുണ്ടായത്. സ്ഥലത്ത് എയർ ഫയർ ടെന്ററുകളെത്തിയതായാണ് വിവരം.

എയർ ഇന്ത്യ ബോയിങ് ​ഡ്രീംലൈനർ 787 വിമാനമാണ് തകർന്ന് വീണത്. 242 യാത്രക്കാരുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ തകർ‍ന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്തേക്കുള്ള യാത്ര നിരോധിച്ചുുവെന്ന് അധികൃതർ അറിയിച്ചു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്.

ജനവാസ മേഖലയിലേക്കാണ് വിമാനം തകർന്ന് വീണതെന്നാണ് പ്രാഥമിക വിവരം. അപകട കാരണമോ ആളപായം സംബന്ധിച്ച വിവരങ്ങളോ പുറത്തുവന്നിട്ടില്ല.

അപകടത്തിൽ 30 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻ ​ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ടെന്നും 60ലധികം വിദേശ പൗരന്മാരും ഇന്ത്യക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ സാധ്യതയുള്ളതായും അഹമ്മദാബാദ് വിമാനത്താവളം അടച്ചിട്ടതായുമുള്ള റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൈലറ്റ്മാരും 11 പേരടങ്ങുന്ന ക്രൂവും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും കനത്ത ആൾനാശത്തിന് അപകടം കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി പൈലറ്റിന്റെ വാക്കുകളുണ്ടെന്നും എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നും പ്രാഥമിക റിപ്പോർട്ടുണ്ട്.

Updating…

Content Highlight: Plane crashes in Gujarat; 242 passengers on board, accident during takeoff

We use cookies to give you the best possible experience. Learn more