| Friday, 16th October 2026, 8:28 am

താമസ സ്ഥലം മുഴുവന്‍ മഫ്തി പൊലീസ് വളഞ്ഞിരിക്കുന്നു: ചിത്രങ്ങള്‍ പുറത്തുവിട്ട് ദീപ്‌കെ

നിഷാന. വി.വി

ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് തന്നെ പിന്തുടരുകയാണെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.
കൊണാട്ട് പ്ലേസില്‍ പ്രതിഷേധം നടത്താന്‍ പ്രഖ്യാപിച്ചതോടെ താന്‍ താമസിക്കുന്ന കെട്ടിടം മഫ്തി പൊലീസ് വളഞ്ഞിരിക്കുകയാണെന്ന് ദീപ്‌കെ പറഞ്ഞു.

യൂണിഫോമിലല്ലാത്ത ഉദ്യോഗസ്ഥര്‍ തനിക്ക് ചുറ്റും വളഞ്ഞിരിക്കുകയാണെന്നും ഒരു വെള്ള സ്‌കോര്‍പ്പിയോ വാഹനം നിരന്തരം തന്നെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചിത്രങ്ങള്‍ അടക്കം പങ്കുവെച്ച് എക്‌സിലൂടെയായിരുന്നു ദീപ്‌കെയുടെ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്ക് പുറത്തും റോഡരികിലും സംശയകരമായ സാഹചര്യത്തില്‍ ആളുകള്‍ നില്‍ക്കുന്നതും വെളുത്ത എസ്.യു.വി വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതുമായ ദൃശ്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്.

വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ദല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്ന് ഝണ്ഡേവാലനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അഭിജിത് പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്ത് ദേശീയ പതാക വീശിയതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാലും അതിന് തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സി.ജെ.പി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചില്‍ വന്‍ നിയന്ത്രണങ്ങളാണ് ദല്‍ഹി പൊലീസ് ഖ്ര്യാപിച്ചിരിക്കുന്നത്. 11 പേര്‍ക്ക് മാത്രം ദേശീയ പതാക പിടിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കമെന്നും അതില്‍ കൂടുതലായാല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും അതിനാല്‍ പൊതുജനങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്നും ദല്‍ഹി പൊലീസ് അറിയിച്ചിരുന്നു. ക്രമസമാധാന പാലനത്തിനായി 6,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

Content Highlight: Plainclothes police have surrounded the entire residence: Deepke releases images

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more