| Tuesday, 6th October 2026, 6:58 pm

റഷ്യയിലെ പ്ലേഗ് ഗവേഷണ സ്ഥാപനത്തിലെ ടെക്‌നീഷ്യന്റെ മരണം; പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യത കുറവാണെന്ന് ഡബ്ല്യു.എച്ച്.ഒ

റെന്വര്‍ പി

മോസ്‌കോ: റഷ്യയില്‍ പ്ലേഗ് ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു ലാബ് ടെക്‌നീഷ്യന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).

രോഗം വ്യാപകമായി പടരുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്മെയര്‍ ചൊവ്വാഴ്ച പറഞ്ഞു. ‘രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്തി നിരീക്ഷിച്ചുവരികയാണ്. ഇതുവരെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ഷിപ്പിലോവയുടെ മരണത്തിന് കാരണമായത് വൈറല്‍ ന്യൂമോണിക് പ്ലേഗ് ആണോ എന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഇത് ആരോഗ്യപരമായ അപകടസാധ്യത ‘മിതമായതോ കുറഞ്ഞതോ’ ആണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

28 വയസുള്ള ദാരിയ ഷിപ്ലോവ എന്ന ഗവേഷകയാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. പ്ലേഗ് ബാക്ടീരിയ ആയ യെര്‍സിനിയ പെസ്റ്റിസ് അടങ്ങിയ ടെസ്റ്റ് ട്യൂബ് ഇവരുടെ പക്കല്‍ നിന്നും പൊട്ടിയിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൈബീരിയയിലെ ഇര്‍കുട്സികിന് സമീപമുള്ള ഷെലഖോവിലെ ആന്റി-പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. എന്നാല്‍ പ്ലേഗ് ആണ് മരണകാരണമെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല.

ടെസ്റ്റ് ട്യൂബ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിപ്പോയതായി ഷിപ്ലോവ ആശുപത്രി ജീവനക്കാരോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് മോസ്‌കോ ടെംസ് റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായി എന്താണ് ചോര്‍ന്നതെന്ന് വ്യക്തമല്ലെന്ന് പകര്‍ച്ച വ്യാധികള്‍ കൈകാര്യം ചെയ്യുന്ന റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സിയായ റോസ്പൊത്രെബ്നാഡ്സോര്‍ അറിയിച്ചു. ഷിപ്ലോവയുമായി സമ്പര്‍ക്കത്തില്‍ വന്നെന്ന് കരുതുന്ന ഇരുന്നൂറോളം പേരെ മെഡിക്കല്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ലാബോറട്ടറി പരിശോധനകളുടെ ഫലം നെഗറ്റീവ് ആണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Content Highlight: Plague epidemic risk in Russia low after death of lab technician, WHO says

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more