| Tuesday, 5th May 2026, 5:46 pm

സഞ്ജുവിന് മൂന്ന്, രാഹുലിന് അഞ്ച്; ആരാദ്യം വാര്‍ണറിനെ വീഴ്ത്തും?

ഫസീഹ പി.സി.

2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഇന്ന് മെയ് അഞ്ചിനാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഡി.സിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

നിര്‍ണായക മത്സരത്തിന് ഇരുടീമുകളും ഇറങ്ങുമ്പോള്‍ സി.എസ്.കെയുടെ സഞ്ജു സാംസണും ദല്‍ഹിയുടെ കെ.എല്‍. രാഹുലും തമ്മിലുള്ള ഒരു പോരാട്ടത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷിയാവുക. ടൂര്‍ണമെന്റ് ചരിത്രത്തിലെ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ ആറാം സ്ഥാനം സ്വന്തമാക്കാന്‍ ഇരു താരങ്ങളും ലക്ഷ്യമിടുന്നത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഇതിനായി മലയാളി താരം സഞ്ജുവിന് മൂന്ന് സിക്‌സുകള്‍ കൂടിയാണ് വേണ്ടത്. നിലവില്‍ ഐ.പി.എല്ലില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 234 സിക്‌സുകള്‍ അതിര്‍ത്തി കടത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നിവര്‍ക്കായി 181 ഇന്നിങ്‌സില്‍ കളത്തിലിറങ്ങിയാണ് താരം ഇത്ര സിക്‌സുകള്‍ നേടിയത്.

മറുവശത്ത് രാഹുലിന് ഈ നേട്ടത്തിലെത്താന്‍ അഞ്ച് സിക്‌സുകള്‍ വേണം. നിലവില്‍ 145 ഇന്നിങ്‌സില്‍ നിന്നായി താരത്തിന് 232 സിക്‌സുകളാണുള്ളത്. ദല്‍ഹി ക്യാപിറ്റല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകള്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് ഓപ്പണര്‍ ഇത്രയും സിക്‌സുകള്‍ അടിച്ചത്.

കെ.എൽ. രാഹുൽ. Photo: iplt20.com

നിലവില്‍ സിക്‌സര്‍ വേട്ടക്കാരില്‍ ആറാം സ്ഥാനത്ത് ഡേവിഡ് വാര്‍ണറാണ്. 184 ഇന്നിങ്സുകളില്‍ കളിച്ച താരത്തിന് 236 സിക്‌സുകളാണുള്ളത്. ഓസീസ് ബാറ്റര്‍ ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയത് ദല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ്.

ഡേവിഡ് വാർണർ.

വാര്‍ണറിന് തൊട്ട് പിന്നില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ സഞ്ജു. എട്ടാം സ്ഥാനത്തായി രാഹുലുമുണ്ട്. ഇരുവരും ഈ സീസണില്‍ മികച്ച ഫോമിലായതിനാല്‍ ഉടനെ തന്നെ ഇരുവര്‍ക്കും ഓസീസ് താരത്തെ മറികടക്കാന്‍ സാധിക്കും. എന്നാല്‍, ആരാവും ആദ്യം ഈ നേട്ടം സ്വന്തമാക്കുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: IPL 2026: Sanju Samson needs three sixes and KL Rahul needs five sixes to surpass David Warner in most sixes in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more