18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നികിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ബെംഗളൂരുവിന് വേണ്ടി 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്.
അതേസമയം പഞ്ചാബ് സിംഹങ്ങള്‍ക്ക് വേണ്ടി ശശാങ്കസിങ് 61 റണ്‍സ് നേടി അവസാനം വരെ പോരാടിയെങ്കിലും കാലം കാത്തുവെച്ച വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു. എന്നാല്‍ ബെംഗളൂരുവിന്റെ ഈ വിജയത്തില്‍ ഓസീസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ്ഡിനും ഒരു വലിയ പങ്കുണ്ട്.
അതിനൊരു കാരണവും പ്രത്യേകതയുമുണ്ട്. താരം ഫൈനലില്‍ കളിച്ച ഒരു ടീമും ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 2012ല്‍ സി.എല്‍.ടി-20യില്‍ സിഡ്ണി സിക്‌സേഴ്‌സിന് വേണ്ടിയാണ് ജോഷ് ആദ്യ ഫൈനല്‍ നേടുന്നത്.
പിന്നീട് 2015ല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലോകകപ്പ്, 2020ല്‍ സിഡ്ണി സിക്‌സേഴ്‌സിന് വേണ്ടി ബി.ബി.എല്‍ കിരീടം, 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐ.പി.എല്‍ കിരീടം, 2021ല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടി-20 ലോകകപ്പ്, 2023ല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏകദിന ലോകകപ്പ് എന്നിങ്ങനെയാണ് ജോഷിന്റെ കിരീടയാത്രകള്‍. ഇപ്പോള്‍ ബെംഗളൂരുവിന് വേണ്ടി കന്നി കിരീടം നേടാനും ഹേസല്‍വുഡ്ഡിന് സാധിച്ചതോടെ ടീമിന്റെ ഐശ്വര്യമായി മാറാനും ഈ പേസ് ബൗളര്‍ക്ക് സാധിച്ചിരിക്കുകയാണ്.
ഫൈനലില്‍ നാല് ഓവര്‍ എറിഞ്ഞ താരം 54 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് ആണ് നേടിയത്. എന്നാല്‍ സീസണില്‍ ബെംഗളൂരിന് വേണ്ടി വമ്പന്‍ പ്രകടനങ്ങളാണ് ജോഷ് കാഴ്ചവെച്ചത്.
പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അതില്‍ 4/33 എന്ന മികച്ച ബൗളിങ് പ്രകടനവും ഉണ്ട്. 8.77 എന്ന എക്കോണമിയിലും 17.55 എന്ന മികച്ച ആവറേജിലും ആണ് താരം പന്ത് എറിഞ്ഞത്.
Content highlight: IPL 2025: RCB VS PBKS: Josh Hazlewood has never lost to a team he has played against in a final