| Sunday, 25th May 2025, 5:30 pm

സൂപ്പര്‍ കിങ്‌സ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു! ടൈറ്റന്‍സിന് നാണക്കേട് സമ്മാനിച്ച് ധോണിപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

സീസണിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദ്ബാദില്‍ നടക്കുന്ന പോരാട്ടത്തില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് സൂപ്പര്‍ കിങ്‌സ് അടിച്ചെടുത്തത്. ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് സൂപ്പര്‍ കിങ്‌സ് മികച്ച തുടക്കം സ്വന്തമാക്കിയത്.

ഇതോടെ ഒരു മികച്ച നേട്ടവും ഈ ഇന്നിങ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ പത്ത് ഓവറില്‍ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുന്ന ഏറ്റവും മികച്ച മൂന്നാമത് മികച്ച സ്‌കോറാണിത്.

ആദ്യ പത്ത് ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച ടോട്ടല്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

128/2 – മുംബൈ ഇന്ത്യന്‍സ് – വാംഖഡെ – 2015

122/3 – പഞ്ചാബ് കിങ്‌സ് – വാംഖഡെ – 2014

115/2 – ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ് – 2025*

114/1 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ – 2023

തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം സൂപ്പര്‍ കിങ്‌സ് പുറത്തെടുത്തപ്പോള്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോഡുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ആദ്യ പത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് വഴങ്ങിയ ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോറാണിത്.

പട്ടികയിലെ ആദ്യ മൂന്ന് സ്‌കോറുകളും ഈ സീസണിലാണ് പിറവിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ആദ്യ പത്ത് ഓവറുകളില്‍ ഗുജറാത്ത് ടൈറ്റന്‍സ് വഴങ്ങിയ ഏറ്റവുമുയര്‍ന്ന സ്‌കോറുകള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

144/0 – രാജസ്ഥാന്‍ റോയല്‍സ് – ജയ്പൂര്‍ – 2025

115/2 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – അഹമ്മദാബാദ് – 2025

114/1 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2025

112/2 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – അഹമ്മദ്ബാദ് – 2023

112/5 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു – 2024

ആദ്യ പത്ത് ഓവറുകളില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ടിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

നേരിട്ട 19ാം പന്തില്‍ ബ്രെവിസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തയാക്കി. നാല് വീതം ഫോറും സിക്‌സറുകളും അടക്കമാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ കിങ്‌സ് 230 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്താകും മുമ്പേ 57 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്. രവീന്ദ്ര ജഡേജ 18 പന്തില്‍ 21 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: CSK vs GT: 3rd highest scores for CSK at the end of the 10th over

Latest Stories

We use cookies to give you the best possible experience. Learn more