| Wednesday, 3rd December 2025, 1:06 pm

എന്തുകൊണ്ട് വായ് തുറക്കുന്നില്ല? നിങ്ങള്‍ സ്ത്രീപക്ഷത്താണോ അതോ... പ്രിയങ്കയോട് പി.കെ. ശ്രീമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ വിഷയത്തില്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി. ഒന്നിലധികം പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വയനാട് എം.പി വായ് തുറക്കാത്തത് എന്തുകൊണ്ടെന്ന് പി.കെ. ശ്രീമതി ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയങ്കക്കെതിരെ പി.കെ. ശ്രീമതി രംഗത്തെത്തിയത്. നിങ്ങള്‍ സ്ത്രീപക്ഷത്താണോ അതോ റേപിസ്റ്റ് പക്ഷത്താണോ എന്നും പ്രിയങ്കയോട് ശ്രീമതി ചോദിച്ചു.

രാഹുല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രിയങ്ക ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീമതിയുടെ പ്രതികരണം.

അതേസമയം ലൈംഗിക ആരോപണമുയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു.

ഉചിതമായ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രിയങ്കയുടെ നിര്‍ദേശം.

രാഹുല്‍ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ടും രംഗത്തെത്തി. ഈ വിഷയത്തില്‍ മൗനം പാലിക്കുന്ന പ്രിയങ്കയുടേത് ദേശീയ നയമെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു.

രാഹുല്‍ എം.എല്‍.എയായി തുടരുന്നത് കേരളത്തിലെ സ്ത്രീകള്‍ക്ക് അപമാനമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും ബൃന്ദ കാരാട്ട് ആവര്‍ത്തിച്ച് ചോദിച്ചു.

നിലവില്‍ ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. വിധി പിന്നീട് പറയുമെന്നാണ് വിവരം. രാഹുലിന്റെ ജാമ്യത്തെ എതിര്‍ത്ത പ്രോസികൂഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.

Content Highlight: PK Sreemathi questions Priyanka Gandhi on Rahul issue

We use cookies to give you the best possible experience. Learn more