| Wednesday, 2nd January 2019, 10:41 am

ഇത് തീക്കളി; ഇതില്‍ പരം ഇനി ഒന്നും നടക്കാനില്ല; പിണറായി വിജയനെ താഴെയിറക്കിയിരിക്കുമെന്ന് പി.കെ ശശികല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പി.കെ ശശികല. വല്ലാത്ത വിഷമത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഇനിയെന്ത് വേണമെന്ന് ഭക്തര്‍ തീരുമാനിക്കുമെന്നും ശശികല പറഞ്ഞു.

സര്‍ക്കാരിന് ഒരു നിമിഷം പോലും ഇനി തുടരാന്‍ അര്‍ഹതയില്ല. യുവതികളെ കയറ്റാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ താഴെയിറക്കിയിരിക്കുമെന്നും ശശികല പറഞ്ഞു

കേരളത്തെ സംബന്ധിച്ച് ഇതില്‍ പരം ഒന്നും സംഭവിക്കാനില്ല. ഇനി എന്ത് വേണമെന്ന് ഓരോ ഭക്തര്‍ക്കും തീരുമാനിക്കാം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഇനി പിണറായി വിജയനെ അനുവദിക്കില്ല.

വലിയ ആചാരലംഘനമാണ് ശബരിമലയില്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആചാരലംഘത്തിന് കൂട്ടുനിന്നിരിക്കുന്നു. യുവതികള്‍ക്ക് കയറാന്‍ എല്ലാ സംരക്ഷണവും ഒരുക്കിയത് സര്‍ക്കാരാണ്. വലിയ വിഷമത്തോടെയാണ് പല പൊലീസുകാരും യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറായത്. ഈ തീക്കളിക്ക് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നും ശശികല പ്രതികരിച്ചു.


പിണറായി വിജയന്‍ ആദരവര്‍ഹിക്കുന്നു; ശുദ്ധികലശം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യണമെന്നും സണ്ണി എം കപിക്കാട്


പുലര്‍ച്ചെ മൂന്നുമണിക്കാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തിയത് 3:45ന് പൊലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും പറഞ്ഞു.

24 ന്യൂസ് ചാനലിനോടാണ് യുവതികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും സന്നിധാനത്തെത്തുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്.

യുവതീപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും സ്ഥിരീകരിച്ചിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല. എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more