കോഴിക്കോട്: മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിന്റെ ബിനാമി ഇടപാടുകളെന്ന ആരോപണത്തിന് കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
താന്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കെ.ടി ജലീലിന്റെ ആരോപണത്തിന് മറുപടി നല്‍കാനാണ് പി.കെ ഫിറോസ് പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ തന്റെ പേരില്‍ സംശയങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന് അന്വേഷിക്കാവുന്നതാണെന്ന് പറഞ്ഞ് ഫിറോസ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.
ദുബായിയില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് തന്റെ പാര്‍ട്ടിയെ ബോധിപ്പിച്ചാല്‍ മതിയെന്നും, വരുമാനം എത്രയുണ്ടെന്ന ചോദ്യത്തിന് അത് ഇന്‍കം ടാക്‌സിനെ ബോധ്യപ്പെടുത്തിക്കൊള്ളാമെന്നുമായിരുന്നു പി.കെ ഫിറോസിന്റെ മറുപടി. കെ.ടി ജലീല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ പേരിലുയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിനെ പി.കെ ഫിറോസ് വെല്ലുവിളിച്ചു. ഫേസ്ബുക്കില്‍ ഡയലോഗടിക്കാതെ പരാതി നല്‍കിക്കൂടെയെന്നും കെ.ടി ജലീലിനോട് അദ്ദേഹം ചോദിച്ചു. ഭരിക്കുന്നത് എല്‍.ഡി.എഫ് അല്ലേ, പ്രതിപക്ഷത്തിരിക്കുന്ന തനിക്ക് എതിരെ സംശയമുണ്ടെങ്കില്‍ അന്വേഷണം നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ ഒരു കമ്പനിയില്‍ സെയില്‍സില്‍ ജോലി ചെയ്യുകയാണ് കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്നത് അതിശോയക്തിയായി തോന്നുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അത് മറ്റാരേയും ബോധിപ്പിക്കേണ്ടതില്ലെന്നുമാണ് പി.കെ ഫിറോസ് മറുപടി നല്‍കിയത്.
താന്‍ ദുബായിലെ കമ്പനിയില്‍ ഫുള്‍ ടൈം ജോലി ചെയ്യുന്നില്ലെന്നും തനിക്ക് ലഭിക്കുന്ന ശമ്പളത്തിന് ആവശ്യമായ ജോലി താന്‍ ചെയ്യുന്നുണ്ടോ എന്നത് കമ്പനിയെ ആണ് ബോധിപ്പിക്കേണ്ടതെന്നും അല്ലാതെ ജലീലിനെയല്ലെന്നും ഫിറോസ് പറഞ്ഞു.
പി.കെ. ഫിറോസ്
താന്‍ ജോലി ചെയ്യുന്ന കമ്പനി തട്ടിക്കൂട്ട് കമ്പനിയാണോ എന്ന ചോദ്യത്തിനും റിവേഴ്‌സ് ഹവാലയാണോ നടത്തുന്നത് എന്ന സംശയത്തിനും പി.കെ ഫിറോസ് കൃത്യമായ മറുപടി നല്‍കിയില്ല. പകരം തന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നായിരുന്നു മറുപടി പറഞ്ഞത്.
ദുബായ് ആസ്ഥാനമായ ഫുഡ് ട്രേഡിംഗ് കമ്പനിയിലാണ് താന്‍ പാര്‍ട് ടൈം ആയി ജോലി ചെയ്യുന്നതെന്നും തനിക്ക് ഈ കമ്പനിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലെന്നും ഫിറോസ് പറഞ്ഞു. ദുബായിക്ക് പുറമെ തനിക്ക് യു.കെ, കാനഡ രാജ്യങ്ങളുടെ വിസകളുണ്ടെന്നും ഇവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.
കെ.ടി ജലീലിന് എതിരെ മറ്റൊരു അഴിമതി ആറോപണവും ഫിറോസ് ഉന്നയിച്ചിട്ടുണ്ട്. മലയാളം സര്‍വകലാശാലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ.ടി ജലീല്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് പി.കെ ഫിറോസിന്റെ ആരോപണം. ജലീല്‍ നേരിട്ട് കോടികള്‍ തട്ടി, ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: PK Firos replies to KT Jaleel