| Sunday, 3rd August 2025, 4:02 pm

ലഹരിയിടപാട് നടത്തിയ റിയാസിനെ പൊലീസ് എന്തുകൊണ്ട് വിട്ടയച്ചു; ആരാണ് പുറത്തിറക്കിയത്? പി.കെ. ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലഹരി ഇടപാട് നടത്തിയതിന് തന്റെ സഹോദരന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ സഹോദരനല്ല, ആരായാലും നിയമനടപടി നേരിടേണ്ടതുണ്ടെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ഇത് തന്റെ മാത്രമല്ല കുടുംബത്തിന്റെയും നിലപാടാണെന്നും ഫിറോസ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഫിറോസിന്റെ പ്രതികരണം.

റിയാസ് തൊടുകയില്‍ എന്ന വ്യക്തിയാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് പൊലീസ് പറയുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ റിയാസ് തൊടുകയിലിനെ എന്തുകൊണ്ടാണ് പൊലീസ് ഇന്നലെ വിട്ടയച്ചത്. റിയാസ് ഏത് പാര്‍ട്ടിക്കാരനാണ്? അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മനസിലാകും റിയാസ് ഒരു സി.പി.ഐ.എം പ്രവര്‍ത്തകനാണെന്നും പി.കെ. ഫിറോസ് പറഞ്ഞു.

സി.പി.ഐ.എം പ്രവര്‍ത്തകനായ റിയാസ് തൊടുകയിലാണ് ലഹരിയിടപാട് നടത്തിയതെന്ന് പൊലീസ് പറയുന്നു. അദ്ദേഹത്തെ വിട്ടയക്കുന്നു. റിയാസിനെ വിട്ടയക്കാന്‍ ആരൊക്കെയാണ് സ്റ്റേഷനിലെത്തിയത്? സി.പിഎ.ഐ.എം ലോക്കല്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് റിയാസിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടുപോയതെന്നും ഫിറോസ് പ്രതികരിച്ചു.

റിയാസുമായി വാട്ട്‌സ്ആപ്പിലൂടെ ആശയവിനിമയം നടത്തി എന്നതാണ് തന്റെ സഹോദരനായ പി.കെ. ബുജൈറിനെതിരെ പൊലീസ് ഉയര്‍ത്തുന്ന ആക്ഷേപം. എന്നാല്‍ തന്റെ സഹോദരനെ കാണാന്‍ വേണ്ടിയോ അദ്ദേഹത്തെ ജയിലില്‍ നിന്ന് പുറത്തിറക്കന്‍ വേണ്ടിയോ ഒരു ലീഗ് പ്രവര്‍ത്തകനും കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. തന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് കുന്ദമംഗലം സ്റ്റേഷന്‍ നിലനില്‍ക്കുന്നത്. താന്‍ ആ പരിസരത്തേക്ക് പോയിട്ടില്ലെന്നും പി.കെ. ഫിറോസ് കൂട്ടിച്ചേര്‍ത്തു.

എന്തെന്നാല്‍ ‘അദ്ദേഹം ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കിട്ടണം. അതില്‍ യാതൊരുവിധ ഇടപെടലും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാതാപിതാക്കളും ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്,’ പി.കെ. ഫിറോസ് പറഞ്ഞു.

ബുജൈറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തട്ടേയെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കട്ടെയെന്നും ഫിറോസ് പറഞ്ഞു. ഇക്കാര്യങ്ങളിൽ വ്യക്തിപരമായോ മറ്റോ ഇടപെടല്‍ നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ അധികാരത്തെ കൂട്ടുപിടിച്ചുകൊണ്ട് കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ നടത്തുന്ന നെറികേടുകള്‍ക്കെതിരെ ശക്തമായി സംസാരിക്കുമെന്നും ഫിറോസ് പ്രതികരിച്ചു. കുടുംബത്തിലെ ഏതെങ്കിലും ഒരാള്‍ ചെയ്ത കുറ്റത്തെ ചൂണ്ടിക്കാട്ടി തങ്ങളുടെയെല്ലാം വായടപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും പി.കെ. ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

ബിനീഷ് കോടിയേരിക്കെതിരെ കേസുണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലെന്നും അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും പി.കെ. ഫിറോസ് പ്രതികരിച്ചു.

Content Highlight: P.K. Firos reacts to his brother’s arrest for drug dealing

We use cookies to give you the best possible experience. Learn more