| Thursday, 11th September 2025, 1:38 pm

പി.കെ ഫിറോസ് രാഷ്ട്രീയത്തിലെ മായാവി; യൂത്ത് ലീഗ് പിരിച്ച പണമാണ് മുക്കിയത്; ആരോപണങ്ങളുമായി കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീല്‍. അദ്ദേഹം ജോലി ചെയ്യുന്നെന്ന് അവകാശപ്പെട്ട ദുബായിലെ കമ്പനിയുടെ രേഖകള്‍ പി.കെ ഫിറോസ് പുറത്തുവിടണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഫിറോസ് മറുപടി നല്‍കിയില്ലെന്നും ഒന്നും നിഷേധിച്ചിട്ടില്ലെന്നും ജലീല്‍ ചൂണ്ടിക്കാണിച്ചു. കേരള രാഷ്ട്രീയത്തിലെ കുമ്പിടിയല്ല മായാവിയാണ് പികെ ഫിറോസെന്നും അദ്ദേഹം പരിഹസിച്ചു.

ഫിറോസിന് എന്താണ് ജോലിയെന്ന് ആവര്‍ത്തിച്ച കെ.ടി ജലീല്‍ മൂന്ന് മാനേജര്‍മാര്‍ മാത്രമുള്ള കമ്പനിയെ കുറിച്ച് സംശയങ്ങളും പങ്കുവെച്ചു.

അഞ്ചര ലക്ഷം മാസശമ്പളം ലഭിക്കാനുള്ള എന്ത് ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജലീല്‍ ചോദിച്ചു. ബിസിനസ് നടത്താനുള്ള പണം എവിടെ നിന്നാണെന്ന് ഫിറോസ് വ്യക്തമാക്കണമെന്നും യൂത്ത് ലീഗ് പിരിച്ച പണമാണ് ഫിറോസ് മുക്കിയതെന്നും ജലീല്‍ ആരോപിച്ചു.

നേരത്തെ മാധ്യമങ്ങളെ കണ്ട പി.കെ ഫിറോസ്, കെ.ടി ജലീലിന്റെ ബിനാമി ഇടപാടുകളെന്ന ആരോപണത്തിന് കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറിയിരുന്നു.

താന്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കെ.ടി ജലീലിന്റെ ആരോപണത്തിന് മറുപടി നല്‍കാനാണ് പി.കെ ഫിറോസ് പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്.

എന്നാല്‍ തന്റെ പേരില്‍ സംശയങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന് അന്വേഷിക്കാവുന്നതാണെന്ന് പറഞ്ഞ് ഫിറോസ് ചോദ്യങ്ങളില്‍ നിന്നും  ഒഴിഞ്ഞുമാറുകയായിരുന്നു.

ദുബായിയില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് തന്റെ പാര്‍ട്ടിയെ ബോധിപ്പിച്ചാല്‍ മതിയെന്നും, വരുമാനം എത്രയുണ്ടെന്ന ചോദ്യത്തിന് അത് ഇന്‍കം ടാക്‌സിനെ ബോധ്യപ്പെടുത്തിക്കൊള്ളാമെന്നുമായിരുന്നു പി.കെ ഫിറോസിന്റെ മറുപടി.

കെ.ടി ജലീല്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ദുബായിലെ കമ്പനിയില്‍ ഫുള്‍ ടൈം ജോലി ചെയ്യുന്നില്ലെന്നും തനിക്ക് ലഭിക്കുന്ന ശമ്പളത്തിന് ആവശ്യമായ ജോലി താന്‍ ചെയ്യുന്നുണ്ടോ എന്നത് കമ്പനിയെ ആണ് ബോധിപ്പിക്കേണ്ടതെന്നും അല്ലാതെ ജലീലിനെയല്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.

Content Highlight: PK Feroz is a political illusion; He used the money collected by the Youth League alleges KT Jaleel

We use cookies to give you the best possible experience. Learn more