ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍താരം പിയൂഷ് ചൗള. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചൗള വിരമിക്കല്‍ അറിയിച്ചത്.
സ്പിന്‍ ബൗളിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സൂപ്പര്‍ താരം ഇന്ത്യയ്ക്ക് വേണ്ടി 2007 ടി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടി തന്നിട്ടുണ്ട്. മാത്രമല്ല ഐ.പി.എല്ലിലും താരം കിരീട ജേതാവാണ്.
ഇന്ത്യക്കുവേണ്ടി 2006ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ചൗള മൂന്ന് മത്സരങ്ങളിലെ ആറ് ഇന്നിങ്‌സില്‍ നിന്നും ഏഴ് വിക്കറ്റുകളാണ് നേടിയത്. 2012 വരെയാണ് താരം ടെസ്റ്റില്‍ കളിച്ചത്.
ഏകദിനത്തില്‍ 2007 മുതല്‍ 2011 വരെയാണ് ചൗള സജീവമായത്. ഫോര്‍മാറ്റില്‍ താരത്തിന് 32 വിക്കറ്റുകളാണുള്ളത്. മാത്രമല്ല ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകളും ചൗള വീഴ്ത്തി.
ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടി മത്സരിച്ച ചൗള 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 446 വിക്കറ്റുകള്‍ നേടി. മാത്രമല്ല ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി മത്സരിച്ചു.
192 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 192 വിക്കറ്റുകളാണ് ചൗള വീഴ്ത്തിയത്. മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് പിയൂഷ് ചൗള. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 2014 ലാണ് താരം കിരീടം നേടിയത്.
Content Highlight: Piyush Chawla Retire In All Format Of Cricket