ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. സിനിമ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടയിലാണ് സിനിമാ മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഈ വാർത്ത പുറത്തുവരുന്നത്.
ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിൽ വെച്ച് ഒരു യുവാവ് തന്റെ മൊബൈൽ ഫോണിൽ ‘ദൃശ്യം 3’ കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യാജപതിപ്പിന്റെ പ്രചാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്. ഇതേ ട്രെയിനിലെ സഹയാത്രികനാണ് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിലുള്ളത് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതികളോ പ്രതികരണങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.
ദൃശ്യം 3.photo:Imdb
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ആരാധകർ ഏറെ കാത്തിരുന്ന ‘ദൃശ്യം 3’ ആഗോളതലത്തിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.
2013-ൽ പുറത്തിറങ്ങി മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയ ‘ദൃശ്യം’ ഒന്നാം ഭാഗത്തിന്റെയും, കൊവിഡ് കാലത്ത് ഒ.ടി.ടിയിലൂടെ റിലീസ് ചെയ്ത് ആഗോള ശ്രദ്ധ നേടിയ രണ്ടാം ഭാഗത്തിന്റെയും വൻ വിജയത്തിന് ശേഷമാണ് അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാം ഭാഗമെത്തുന്നത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലുണ്ടാകുന്ന പുതിയ പ്രതിസന്ധികളും അവയെ മറികടക്കാനുള്ള പോരാട്ടവുമാണ് ഈ ഭാഗത്തിലും ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.
ദൃശ്യം 3.Photo;Imdb
ആശിർവാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മീന, എസ്‌തർ അനിൽ, അൻസിബ ഹസൻ, മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൺ സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ വിനായകാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ-വിദേശ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം എന്ന പ്രെത്യേകതയും ‘ദൃശ്യം’ സീരീസിനുണ്ട്.
മലയാള സിനിമയെ ആഗോളതലത്തിൽ എത്തിച്ച ‘ദൃശ്യം’ സീരീസിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ഇത്തരം വ്യാജപതിപ്പുകൾ ഇറങ്ങുന്നത് സിനിമാ വ്യവസായത്തിന് വലിയൊരു ഭീഷണിയാണ്. വ്യാജപതിപ്പുകൾ കാണാതെ തിയേറ്ററുകളിൽ പോയിത്തന്നെ സിനിമ ആസ്വദിക്കാൻ പ്രേക്ഷകർ തയ്യാറാകണമെന്നാണ് ചലച്ചിത്ര പ്രവർത്തകർ അഭ്യർത്ഥിക്കുന്നത്. സൈബർ സെല്ലിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Content Highlight: Pirated version of ‘Drishyam 3’ is circulating