| Friday, 17th March 2017, 9:42 am

ഹൈദരാബാദ് സമ്മേളനത്തില്‍ പിണറായി പങ്കെടുക്കുക തന്നെ ചെയ്യും; പൊലീസ് വിലക്ക് മറികടക്കാന്‍ വേദി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സി.പി.ഐ.എം തെലുങ്കാന സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും. സംഘപരിവാര ഭീഷണിയെത്തുടര്‍ന്ന് സി.പി.ഐ.എം സമ്മേളനം നടത്തേണ്ടെന്നു തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത് തെറ്റാണെന്ന് സി.പി.ഐ.എം തെലുങ്കാന സംസ്ഥാന കമ്മിറ്റി അറിയിച്ചു.


Also read ‘പ്രമുഖ നടിക്കു ലഭിച്ച പിന്തുണ മണിച്ചേട്ടന് ലഭിച്ചില്ല’; സര്‍ക്കാരിനെയും മാധ്യമങ്ങളെയും സിനിമാ താരങ്ങളെയും വിമര്‍ശിച്ച് രാമകൃഷ്ണന്‍ 


പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തമിനേനി വീരഭഭ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദയാത്രയുടെ സമാപന സമ്മേളനം ഈ ഞായറാഴ്ചയാണ് ഹൈദരാബാദില്‍ നടക്കുന്നത്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായിയാണ് പരിപാടിയില്‍ മുഖ്യാഥിതി.

ആദ്യം നിശ്ചയിച്ചിരുന്ന നഗര മധ്യത്തിലുള്ള നിസാം കോളേജ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കുന്നത് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരും പൊലീസും വേദി മാറ്റണമെന്ന് അഭ്യര്‍ഥിച്ചതിനാല്‍ വേദി മാറ്റിയതായും സംഘാടകര്‍ അറിയിച്ചു.

സരൂര്‍ നഗര്‍ ഗൗണ്ടിലേക്കാണ് സമ്മേളനം മാറ്റിയിരിക്കുന്നത്. നേരത്തെ മംഗളൂരുവിന് പുറമേ ഹൈദരാബാദ് സമ്മേളനത്തില്‍ പിണറായി പങ്കെടുക്കുന്നതിനെതിരെയും ആര്‍.എസ്.എസ് ഭീഷണി ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കേരള മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു സംഘപരിവാര്‍ ഭീഷണി.

മംഗളൂരുവില്‍ ആര്‍.എസ്.എസ്. ഭീഷണികള്‍ക്കിടയിലും പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു. കര്‍ണ്ണാടക സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more