തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി. ഉണ്ണികൃഷ്ണന്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1971 മുതല്‍ 1996 വരെ 25 വര്‍ഷം തുടര്‍ച്ചയായി വടകരയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം 1980 മുതല്‍ എല്‍.ഡി.എഫ് പ്രതിനിധിയായാണ് വിജയിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വി.പി. സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ശക്തമായ ഇടപെടലുകള്‍ ആയിരുന്നു ഉണ്ണികൃഷ്ണന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോഫോഴ്‌സ് പോലുള്ള കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാര്‍ലമെന്റിലും പുറത്തും ധീരമായ നിലപാട് കൈകൊണ്ടു. കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.
കോണ്‍ഗ്രസില്‍ നെഹ്റുവിയന്‍ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. പത്രപ്രവര്‍ത്തന രംഗത്തും പാര്‍ലമെന്ററി രംഗത്തും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ചു. 1990ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈത്തില്‍ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ കെ.പി. ഉണ്ണികൃഷ്ണന്‍ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓര്‍ക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുദ്ധസാഹചര്യത്തില്‍ പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും കെ.പി. ഉണ്ണികൃഷ്ണന് കഴിഞ്ഞു.
സംഘപരിവാര്‍ നേതൃത്വത്തില്‍ രാജ്യത്തുയര്‍ന്നുവന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുകയും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്ത കെ.പി ഉണ്ണികൃഷ്ണനെതിരെയാണ് 1991ല്‍ കോലീബി സഖ്യം പൊതുസ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത്.
എന്നാല്‍ വടകര ലോക്‌സഭാ മണ്ഡലത്തിലെ വിജയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഉണ്ണികൃഷ്ണന് തന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മലയാളിയുമായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കായി രാജ്യം കാതോര്‍ത്തിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്റെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ കാലങ്ങളായി ചികിത്സയിലായിരുന്നു. നാളെ (ബുധന്‍) സംസ്‌കാരം നടക്കും.
Content Highlight: Pinarayi vijayn expresses condolences on the death of KP Unnikrishnan