തിരുവനന്തപുരം: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനും പിണറായി കത്തയച്ചിരുന്നു.
വി.ഡി സതീശന് അയച്ച കത്തില്‍ ഒഴുക്കന്‍ പ്രതികരണമാണ് ലഭിച്ചതെന്നും അതിനാലാണ് ഇപ്പോള്‍ ഖാര്‍ഗെയ്ക്ക് കത്തയക്കുന്നതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് കത്തയച്ചതെന്നും പിണറായി വ്യക്തമാക്കി.
‘നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ വേട്ടയാടിയതിന് സുപ്രീം കോടതി നോട്ടീസയച്ച എട്ടു സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട് എന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആസ്സാം, മധ്യപ്രദേശ്, ഡല്‍ഹി എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളവും ഇടംപിടിച്ചത്. ബിജെപി ഭരണത്തിലുള്ള മറ്റ് 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളും കാണിക്കാത്ത ഉത്സാഹമാണ് കേന്ദ്രസര്‍ക്കാരിനെതിരെ നിലകൊണ്ട വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന കാര്യത്തില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയത്,’ പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് എടുത്ത മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നല്‍കിയിരുന്നു. കേസ് പിന്‍വലിക്കുമോ എന്നതില്‍ നയപരമായ തീരുമാനം കൈകൊള്ളേണ്ടത് മുഖ്യമന്ത്രിയാണ്.
പക്ഷെ ഇത്തരമൊരു പൊതു പ്രാധാന്യമുള്ള വിഷയത്തിന്‍മേല്‍ തങ്ങളുടെ നിലപാട് എന്താണെന്ന് പറയാതെ പ്രതിപക്ഷ നേതാവിന്റെ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറി എന്ന ഒഴുക്കന്‍ മട്ടിലുള്ള വിശദീകരണമാണ് ഇന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയത്,’ പിണറായി പറഞ്ഞു.
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതൃത്വം ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണക്കുകയും എന്നാല്‍, അതേ സമരത്തെ പിന്തുണച്ച് പ്രതിഷേധിച്ചവരെ കേരളത്തിലെ കോണ്‍ഗ്രസ്സ് നയിക്കുന്ന സര്‍ക്കാര്‍ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നതിലെ ഔചിത്യമില്ലായ്മ കത്തില്‍ ചൂണ്ടിക്കാട്ടിയെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കത്തിന്റെ പൂര്‍ണരൂപവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പിണറായി പങ്കുവച്ചിട്ടുണ്ട്. ദേശീയതലത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് തീകച്ചും വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടെന്ന്് പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി.
‘സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എതിരെ 5,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജനാധിപത്യ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളുമായിരുന്നു ഇവ.
ഈ സമാധാനപരമായ ഐക്യദാര്‍ഢ്യ പരിപാടികളില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ പോലും പോലീസ് കേസുകള്‍ ചുമത്തി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയിട്ടും, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ അന്യായമായ കേസുകള്‍ പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല,’ എന്ന് കത്തില്‍ പറയുന്നു.
പ്രിയപ്പെട്ട ശ്രീ. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജി,
കേരളത്തില്‍ ഉയര്‍ന്നുവരുന്ന ഗുരുതരമായ ഒരു ജനാധിപത്യ ആശങ്കയെ നിങ്ങളുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ എഴുതുന്നത്. ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണ് അത്.
ദല്‍ഹിയില്‍ നടന്ന വമ്പിച്ച വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ സ്വാധീനിച്ചുവെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയും അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകള്‍ പിന്‍വലിക്കാന്‍ സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് പ്രതിഷേധങ്ങള്‍ ഒടുവില്‍ പിന്‍വലിച്ചത്. ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഈ ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയിരുന്നു.
എന്നിരുന്നാലും, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെയധികം അസ്വസ്ഥതയും നിരാശാജനകവുമാണ്. ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങളുടെ പാര്‍ട്ടി പിന്തുണച്ചു. എന്നാല്‍ അതേ ദല്‍ഹി പ്രതിഷേധങ്ങളെ പിന്തുണച്ച് സമാധാനപരമായ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തികള്‍ക്കെതിരെ കേരള സംസ്ഥാന പോലീസ് നിരവധി അടിസ്ഥാനരഹിതമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എതിരെ 5,000-ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജനാധിപത്യ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളുമായിരുന്നു കേരളത്തില്‍ സംഘടിപ്പിച്ചത്. ഈ സമാധാനപരമായ ഐക്യദാര്‍ഢ്യ പരിപാടികളില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ പോലും പോലീസ് കേസുകള്‍ ചുമത്തി എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയിട്ടും, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ അന്യായമായ കേസുകള്‍ പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ദല്‍ഹിയിലെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുകയും കേരളത്തില്‍ അതേ ലക്ഷ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുന്ന ഈ നഗ്‌നമായ ഇരട്ടത്താപ്പ് പരസ്പരവിരുദ്ധമായ ഒരു സന്ദേശം നല്‍കുന്നു.ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വിയോജിക്കാനുള്ള ജനാധിപത്യ അവകാശത്തെയും അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കുന്നു.
അതിനാല്‍, ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ദല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളോട് സമാധാനപരമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൗരന്മാര്‍ എന്നിവര്‍ക്കെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പോലീസ് കേസുകളും നിരുപാധികം പിന്‍വലിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ വിഷയത്തില്‍ നിങ്ങളുടെ പെട്ടെന്നുള്ള ഇടപെടല്‍ പ്രതീക്ഷിക്കുന്നു.
Content Highlight: Pinarayi Vijayan Writes to Mallikarjun Kharge on Cases Against Protests and Solidarity Programs on NEET Issue