കഴിഞ്ഞ ദിവസം ടീസര്‍ പുറത്തുവന്നത് മുതല്‍ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന അഭിമുഖമായിരുന്നു മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ളത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി നല്‍കുന്ന അഭിമുഖത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഇതിനോടകം ലഭിക്കുന്നത്.
ഇരുവര്‍
ഇരുവര്‍ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തില്‍ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉത്തരമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയില്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും താങ്കളുടെ ജീവിതത്തില്‍ പ്രതിഫലനം സൃഷ്ടിച്ചതുമായ കഥാപാത്രം ഏതാണെന്നുമെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയില്‍ ധാരാളം കഥാപാത്രങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്നതായിട്ടുണ്ട്. അതില്‍ എനിക്കിഷ്ടപ്പെട്ട സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രം അങ്ങയുടേത് (മോഹന്‍ലാല്‍) തന്നെയാണ് എന്നാണെനിക്ക് തോന്നുന്നത്. ഒരു മെഡിക്കല്‍ വിദ്യര്‍ത്ഥിയായി ചേര്‍ന്നിട്ട് അയാള്‍ റാഗിങ്ങിന് നേതൃത്വം നല്‍കുന്ന ചിത്രമുണ്ടല്ലോ, അമൃതം ഗമയ, എം.ടി എഴുതിയത് അല്ലേ?.
ആ സിനിമയില്‍ ഒരു മാതൃക ഡോക്ടര്‍ ആയിട്ടാണ് നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് ഒരുപാട് നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്, എന്നാലും അതൊന്നും മുഖവിലക്കെടുക്കാതെ നിങ്ങളുടെ ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. അതൊരു സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമായിരുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം രജിനികാന്തിന്റെതാണെന്നും ഇതിന് കാരണം ആദ്യകാലങ്ങളില്‍ കെ.ടി.വിയില്‍ വരുന്ന രജിനികാന്തിന്റെ സിനിമകളാണെന്നും മുഖ്യമന്ത്രി പറയുന്നു. പൊതുവെ താന്‍ ആക്ഷന്‍ പടങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണെന്നും മോഹന്‍ലാലിന്റയും ആക്ഷന്‍ പടങ്ങള്‍ തനിക്കിഷ്ടമാണെന്നും എന്നാല്‍ രജിനികാന്തിന്റെ രീതികളോട് പ്രത്യേകം ഇഷ്ടം തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൃതം ഗമയയില്‍ മോഹന്‍ലാല്‍. Photo: IMDB
സിനിമയിലഭിനയിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ഏത് റോളാകും ചെയ്യുക എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ചിരിയോടെ ഈ പ്രായത്തില്‍ ഇനി പ്രായമായ ആളുടെ വേഷമല്ലാതെ വേറെ എന്ത് റോള്‍ ചെയ്യാന്‍ പറ്റുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Content Highlight: Pinarayi Vijayan talks about his favorite movie character and star
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ