| Wednesday, 7th March 2018, 6:05 pm

സി.ബി.ഐ ആര്‍.എസ്.എസിന്റെ ഏജന്‍സി; സി.പി.ഐ.എമ്മിനെ വേട്ടയാടാനാണ് ഉദ്ദേശമെങ്കില്‍ അതിനെ എതിര്‍ക്കും; പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം ഒരന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും സി.ബി.ഐ പൂര്‍ണ്ണമായും ആര്‍.എസ്.എസിന് നിയന്ത്രിക്കാന്‍ കഴിയുന്ന ഏജന്‍സിയാണെന്നും മുഖ്യമന്ത്രി. സി.പി.ഐ.എമ്മിനെ വേട്ടയാടാനാണ് ഉദ്ദേശമെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് ശരിയാണ്. ഇക്കാര്യത്തില്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങേണ്ട സ്ഥിതി പൊലീസിനില്ല. വധക്കേസുകളില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ സി.ബി.ഐ നേരത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യ വ്യാപകമായി സി.പി.ഐ.എം വേട്ട നടക്കുകയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ടയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത് ആഘോഷമാക്കികയാണെന്നും പിണറായി പറഞ്ഞു.

പൊലീസ് ശരിയല്ലെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞാല്‍ പിന്നെ പൊലീസ് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകും അതേപറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഉദ്ദേശത്തോട് കൂടി ഈ കേസില്‍ ഇടപെട്ടാല്‍ അംഗീകരിക്കില്ല. വിധിന്യായത്തില്‍ തെറ്റായ പരാമര്‍ശം ഉണ്ടെങ്കില്‍ അത് മാറ്റികിട്ടാന്‍ കോടതിയെ സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാണ് അന്വേഷണമെങ്കില്‍ അതിനെ സ്വാഗതം ചെയ്യും.

അതേസമയം ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെയെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. സി.ബി.ഐയെ കാട്ടി സി.പി.ഐ.എമ്മിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more