തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന് പ്രതിപ്രക്ഷനേതാവ് പിണറായി വിജയന്‍. എസ്.ഐ.ആര്‍ നടപടികളുടെ സുതാര്യതയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിടുന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ക്കപ്പെടുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പൂര്‍ണമായും ഇല്ലാതാക്കിയ അദ്ദേഹം, ഭരണകക്ഷിക്ക് അനുകൂലമായി കമ്മീഷനെ ചലിപ്പിക്കാനും അധികാരം അട്ടിമറിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
എസ്.ഐ.ആര്‍ (SIR), എസ്.എസ്.ആര്‍ (SSR) തുടങ്ങിയ വോട്ടര്‍പട്ടിക പുനപരിശോധനാ പ്രക്രിയകളില്‍ സുതാര്യതയില്ലാത്ത തീരുമാനങ്ങളാണ് കമ്മീഷന്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് മാത്രമല്ല, ഈ കൃത്രിമങ്ങള്‍ക്കെല്ലാം ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനത്ത് നിന്നുതന്നെയാണ് നേതൃത്വം നല്‍കിയത് എന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണന്നും പിണറായി വിജയന്‍ കുറിപ്പില്‍ പറയുന്നു.
‘ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ഗൂഢാലോചന, ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം എന്ന അടിസ്ഥാന അവകാശത്തെയാണ് ഇല്ലാതാക്കുന്നത്’, അദ്ദേഹം പറയുന്നു.
ഈ ഗുരുതരമായ സാഹചര്യത്തില്‍ മൗനം പാലിക്കാനാകില്ലെന്നും ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ ഭരണക്ഷിക്ക് അനുകൂലമായി ജനാധിപത്യ സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. സുതാര്യമല്ലാത്ത വോട്ടര്‍പട്ടിക പുനപരിശോധനാ പ്രക്രിയകള്‍ അടിയന്തരമായി നിര്‍ത്തിവെച്ച്, പട്ടികയില്‍ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനസ്ഥാപിക്കാന്‍ തയ്യാറാകണം’, അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ നാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ടെന്നും സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിനായി ഈ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നമുക്ക് ഒരുമിച്ച് ശബ്ദമുയര്‍ത്താമെന്ന പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Pinarayi Vijayan says the constitutional bodies are compromised and should join hands together to protest.