| Thursday, 20th November 2025, 1:33 pm

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; വാക്കുകളിലല്ല കരുതല്‍ വേണ്ടത്, പ്രവൃത്തിയാലാണെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് (വ്യാഴം) മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാസത്തെ കുടിശ്ശിക അടക്കം 3600 രൂപയാണ് ഓരോ ഗുണഭോക്താവിന്റെയും കൈകളില്‍ എത്തിച്ചേരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മപ്പെടുത്തിയത്.

ക്ഷേമ പെന്‍ഷന്‍ അനേക ലക്ഷങ്ങളുടെ ജീവിതത്തിന് കൈത്താങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 600 രൂപയില്‍ നിന്നും 1600 രൂപയിലേക്ക് പെന്‍ഷന്‍ ഉയര്‍ത്തിയിരുന്നു. ഈ പദ്ധതി ഇന്ന് ‘ഓരോ ഗുണഭോക്താവിനും ഓരോ മാസവും 2000 രൂപ’ എന്ന ചരിത്രനേട്ടത്തില്‍ എത്തിനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

62 ലക്ഷത്തോളം വരുന്ന മനുഷ്യര്‍ക്കാണ് പ്രതിമാസം ഈ ആശ്വാസം ലഭിക്കുന്നത്. വാക്കുകളിലല്ല കരുതല്‍ വേണ്ടത്, മറിച്ച് പ്രവൃത്തിയിലൂടെയാണ് അത് ജീവിതങ്ങളെ തൊടേണ്ടതെന്ന് കരുതുന്ന സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പൗരനും തലയുയര്‍ത്തി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ വിതരണത്തിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെയാണ്. ഒമ്പതര വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80, 671 കോടി രൂപ.

8.46 ലക്ഷം പേര്‍ക്കുമാത്രമാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ശരാശരി 300 രൂപ വരെയാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്. ഇതില്‍ 400 കോടിയില്‍ അധികം രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി നല്‍കുന്നു.

Content Highlight: Pinarayi Vijayan said that the distribution of welfare pensions will begin from today (Thursday)

We use cookies to give you the best possible experience. Learn more