തിരുവനന്തപുരം: മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്.’ മയില്‍പ്പീലി പരീക്ഷ പൊതുവിദ്യാലയങ്ങളില്‍ നടത്താന്‍ അനുമതി നല്കുന്ന കോടതി ഉത്തരവ് സാധ്യമായത് പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിനു തീറെഴുതാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ അജണ്ടയുടെ ഫലമായാണെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘മയില്‍പ്പീലി പരീക്ഷയ്ക്ക് ആദ്യം അനുമതി നല്‍കിയതിനു ശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് കോടതി ഉയര്‍ത്തിയത്. അനുമതി ആദ്യം നല്കി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കോടതിയില്‍ പരീക്ഷ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുന്‍ധാരണയോടെയാണ് സര്‍ക്കാര്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
മയില്‍പ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത് ഇതിനു പിന്നിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കുന്നു. അതിന് അല്പം മുന്‍പാണ് കരിക്കുലം കമ്മിറ്റിയില്‍ ബി.ജെ.പി പ്രതിനിധിയെ നിയമിച്ചതെന്നും പിണറായി കുറിച്ചു.
വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലാക്കാന്‍ ആര്.എസ്.എസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടു കേരളം ഉയര്‍ത്തിയ പ്രതിരോധങ്ങളെല്ലാം യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സര്‍വ്വകലാശാലകള്‍ മുതല്‍ പൊതുവിദ്യാഭ്യാസം വരെ സകലതും കാവിവല്‍ക്കരിക്കാന്‍ ഒത്താശ ചെയ്യുകയാണ്. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. ഈ നാടിന്റെ ജനാധിപത്യ മതേതര ശബ്ദം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ഉച്ചത്തില്‍ ഉയരണമെന്നും പിണറായി അഭിപ്രായപ്പെട്ടു.
മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പിന്റെ ജില്ലാതല പരീക്ഷകള്‍ നടത്താനാണ് കോടതി ഇന്ന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫലം പ്രഖ്യാപിക്കാനോ സംസ്ഥാനതല പരീക്ഷ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
മയില്‍പ്പീലി സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ അനുമതി ഉത്തരവ് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അനുമതി നല്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഈ നടപടിക്കെതിരെയാണ് ദേശീയ അധ്യാപക പരിഷത്ത് കോടതിയെ സമീപിച്ചത്. പരീക്ഷ അനുമതി പിന്‍വലിച്ച നടപടി ഏകപക്ഷീയമാണെന്നായിരുന്നു ദേശീയ അധ്യാപക പരിഷത്തിന്റെ വാദം.
ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് യങ് സ്കോളര്‍ എക്സാം 2026 എന്ന പേരില്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ഒക്ടോബര്‍ 12നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കിയത്.
Content Highlight: Pinarayi Vijayan Response on Court verdict allowing Mayilpeeli Exam