| Tuesday, 17th March 2026, 1:11 pm

നിങ്ങള്‍ ഒരിക്കലും പുറത്തുനിന്നുള്ള ഒരാളല്ല; കേരളം നിങ്ങളുടേതുകൂടിയാണ്; കമല്‍ഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ആശംസ അറിയിച്ച തെന്നിന്ത്യന്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിങ്ങളുടേത് കൂടിയാണെന്നും മതേതരത്വത്തിന്റെ ഈ മണ്ണില്‍ ആരും പുറത്തുള്ളവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഖാവ് പിണറായി വിജയന് എല്ലാവിധ വിജയങ്ങളും നേരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു കമല്‍ഹാസന്‍ തന്റെ കുറിപ്പ് ആരംഭിച്ചത്. കേരളം തന്റെ കൂടി ഇടമാണെന്നും കേരളത്തോട് വൈകാരികമായ ഒരടുപ്പം തനിക്കുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ ശരിയായ തീരുമാനമെടുക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

‘സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേരുകയാണ്. എല്ലാത്തിലുമുപരി കേരളം എന്റെ നാടുകൂടിയാണ്. ചിലരുടെയെങ്കിലും മനസില്‍ ഞാന്‍ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാല്‍പ്പോലും കേരളവുമായി ഞാനെന്നും വൈകാരികമായി അടുപ്പം പുലര്‍ത്താറുണ്ട്.

അതുകൊണ്ട് കഴിഞ്ഞ പത്തുവര്‍ഷത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും കേരളത്തിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതെന്റെ അഭിപ്രായം.’, എന്നായിരുന്നു കമല്‍ഹാസന്‍ കുറിച്ചത്.

കമല്‍ഹാസന്റെ വൈകാരികമായ കുറിപ്പിന് അതേ രീതിയില്‍ ഹൃദ്യമായാണ് മുഖ്യമന്ത്രിയും പ്രതികരിച്ചത്.

‘ഹൃദ്യമായ ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി കമല്‍ഹാസന്‍! നിങ്ങള്‍ ഒരിക്കലും പുറത്തുള്ള ഒരാളല്ല. കേരളം ഞങ്ങളുടേതെന്ന പോലെ നിങ്ങളുടേതുമാണ്. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണില്‍ ആരും ഒരിക്കലും പുറത്തുള്ളവരല്ല.

ജനക്ഷേമത്തിലും യഥാര്‍ത്ഥ വികസനത്തിലും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഈ പുരോഗമന മനോഭാവം നമുക്ക് ഒരുമിച്ച് നിലനിര്‍ത്താം. കേരളം തീര്‍ച്ചയായും വിജയിക്കും’ മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

പിണറായി വിജയനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് കമല്‍ഹാസന്‍. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ‘പിണറായി: ദി ലെജന്‍ഡ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തിരുന്നു.

കമല്‍ഹാസന്‍ കേവലം ഒരു കലാകാരന്‍ മാത്രമല്ലെന്നും മറിച്ച് ഇടതുപക്ഷ ചിന്താഗതിയും കടുത്ത സാമൂഹിക പ്രതിബദ്ധതയും പുലര്‍ത്തുന്ന വ്യക്തിയാണെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: Pinarayi Vijayan Reply to Kamal Haasan

We use cookies to give you the best possible experience. Learn more