തിരുവനന്തപുരം: സ്പ്രിംക്ളര്‍ വിവാദത്തില്‍ ഹൈക്കോടതിയുടെ അന്വേഷണങ്ങള്‍ സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ മുന്നിലൊരു കേസ് വന്നാല്‍ സ്വാഭാവികമായി അതിന്റെ വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായുള്ള ചോദ്യങ്ങളാണ് കോടതി ചോദിച്ചതെന്നും ഇത് വിവരശേഖരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്പ്രിംക്ളര്‍ വിവാദത്തില്‍ ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. ഏത് കോടതിയും ചെയ്യുന്നത് മാത്രമാണിത്. അതിന്റെയെല്ലാം പരിശോധന നടക്കട്ടെ. മകളുടെ കമ്പനിക്കെതിരായ ചോദ്യങ്ങളോട് അത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അത്തരത്തിലുള്ള എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതിന് മറുപടി നല്‍കാന്‍ അല്ല സമയം. തനിക്ക് ഈ കാര്യത്തിലൊന്നും ഒരു തരത്തിലുള്ള ആശങ്കയുമില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. ആ ധൈര്യം തന്നെയാണ് ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. അതുതന്നെയാണ് ഇനിയങ്ങോട്ടും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഐ.ടി കമ്പനിയുടെ വിലാസം എ.കെ.ജി സെന്ററിന്റേതാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. എ.കെ.ജി സെന്ററിന്റെ പേരിലാണോ ഐ.ടി കമ്പനി രജിസ്റ്റര്‍ ചെയ്യുക. അങ്ങനെ ആരെങ്കിലും ചെയ്യുമോ. ആരോപണമുന്നയിക്കുന്നവര്‍ തെളിവുകള്‍ കൊണ്ടു വരട്ടെ. അതിന് ഒരുപാട് മാര്‍ഗങ്ങളുണ്ടല്ലോ. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.