| Sunday, 28th December 2025, 1:16 pm

മരുന്നിനുപോലും ഒരാളില്ല; ചിഹ്നം മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസാക്ഷി കുത്തുമില്ല; മറ്റത്തൂരില്‍ പരിഹാസവുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ച് ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കിയതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒറ്റച്ചാട്ടത്തിന് ബി.ജെ.പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബി.ജെ.പി പാളയത്തിലെത്തി ഭരണം പിടിച്ചു. മറ്റത്തൂരില്‍ എട്ട് കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ യു.ഡി.എഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബി.ജെ.പി അവരെ അങ്ങെടുത്തുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. 2016ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍.ഡി.എയിലേക്ക് ചാടിയിരുന്നു.

2021ല്‍ ഒരു എം.എല്‍.എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ ചാക്കിട്ട് പിടിച്ചാണ് ബി.ജെ.പി അധികാരം നേടിയത്. 2019ല്‍ ഗോവയിലെ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി ഒന്നടങ്കം ബി.ജെ.പിയില്‍ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡല്‍ ആണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റത്തൂരില്‍ എല്‍.ഡി.എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോടൊപ്പം പോയത്. അതവര്‍ തുറന്ന് പറയുന്നുമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബി.ജെ.പിയാകാന്‍ മടിക്കില്ലെന്നാണ് ഇവിടെ തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസാക്ഷി കുത്തില്ല. ബി.ജെ.പിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിലെ അനുയായികള്‍ നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പി-കോണ്‍ഗ്രസ് ധാരണയുണ്ടെന്നത് തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. അതവര്‍ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഈ സന്നദ്ധതയാണ് ബി.ജെ.പിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്‍പ്പത്തരം സ്വാഭാവിവത്ക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ കുടില തന്ത്രങ്ങള്‍ തങ്ങള്‍ നേരത്തെ തുറന്നുകാട്ടിയതാണ്. മറ്റത്തൂര്‍ മോഡല്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: Pinarayi Vijayan reacts to Congress councilors resigning in Mattathur panchayat and forming a front with BJP

We use cookies to give you the best possible experience. Learn more