| Friday, 19th June 2026, 5:47 pm

ആസൂത്രണ ബോര്‍ഡ് തിങ്ക് ടാങ്കാക്കുന്നത് എന്‍.ഡി.എ നീതി ആയോഗ് കൊണ്ടുവന്ന പോലെയെന്ന് പ്രതിപക്ഷം

സിജൊ

തിരുവനന്തപുരം: സംസ്ഥാന പ്ലാനിങ് ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. പ്ലാനിങ് ബോര്‍ഡിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അതേ കോര്‍പ്പറേറ്റ് യുക്തി തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ബജറ്റിന് ശേഷം മുന്‍ മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ പ്ലാനിങ് കമ്മീഷന്‍ നിര്‍ത്തലാക്കി നീതി ആയോഗ് കൊണ്ടുവന്നതുപോലെ, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തിലൂടെ കേരളവും അതേ ആശങ്കാജനകമായ വഴിയിലേക്കാണ് നീങ്ങുന്നതെന്ന് പിണറായി അഭിപ്രായപ്പെട്ടു.

ആസൂത്രണ ബോര്‍ഡിനെ ഒരു സര്‍ക്കാരിന്റെ ഒരു തിങ്ക് ടാങ്ക് (ചിന്താ സമിതി) ആയി പുനസംഘടിപ്പിക്കും എന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനെയാണ് ഇപ്പോള്‍ പ്രതിപക്ഷം വിമര്‍ശിക്കുന്നത്.

സംസ്ഥാനത്തിന്റെ ധന സ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവള പത്രത്തിലെ നിര്‍ദേശ പ്രകാരമാണ് ആസൂത്രണ ബോര്‍ഡ് പുന സംഘടനം എന്ന് ബജറ്റില്‍ പറയുന്നു. മുന്‍ഗണനാ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുക എന്നതാണ് പുനസംഘടിക്കപ്പെടുന്ന ആസൂത്രണ ബോര്‍ഡിന്റെ ഒരു ഉത്തരവാദിത്തം. ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുക എന്നതും ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരും. സിവില്‍ സൊസൈറ്റി സംഘടനകളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കണ്ണിയായി ആസൂത്രണ ബോര്‍ഡ് പ്രവര്‍ത്തിക്കും എന്ന് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.

2015ല്‍ ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആയി പുനസംഘടിപ്പിച്ച നടപടിയോടാണ് പുതിയ ബജറ്റ് നിര്‍ദേശത്തെ പിണറായി വിജയന്‍ ഉപമിച്ചത്. അന്നത്തെ ഒന്നാം മോദി സര്‍ക്കാരായിരുന്നു ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് എന്ന പകരം സംവിധാനം ആരംഭിച്ചത്.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് 1950 ലായിരുന്നു ആസൂത്രണ കമ്മീഷന്‍ ആരംഭിച്ചത്. ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് കൊണ്ടുവന്ന എന്‍.ഡി.എ സര്‍ക്കാര്‍ നടപടിയെ അന്ന് കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.

ഇപ്പോള്‍ ആസൂത്രണ ബോര്‍ഡിനെ പുനസംഘടിപ്പിച്ച് ഒരു തിങ്ക് ടാങ്ക് ആയി മാറ്റും എന്നാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏത് തരത്തിലാവും പുനസംഘടന എന്നത് സംബന്ധിച്ച് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. പുനസംഘടനയുടെ ഭാഗമായി ആസൂത്രണ ബോര്‍ഡിന്റെ പേര് മാറ്റുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. നിലവിലെ ബോര്‍ഡ് ഇല്ലാതാക്കി പകരം സംവിധാനം ആരംഭിക്കാനാണോ സര്‍ക്കാര്‍ ശ്രമമെന്നും വ്യക്തമല്ല.

Content Highlight: Pinarayi Vijayan On Kerala Budget Suggestion to Restructure Planning board as a think tank; says similar to Niti Ayog

സിജൊ

Latest Stories

We use cookies to give you the best possible experience. Learn more