| Tuesday, 28th July 2026, 7:13 pm

കേന്ദ്രത്തിന്റേത് പ്രതികാര നടപടി: ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ അപലപിച്ച് പിണറായി

റെന്വര്‍ പി

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനില്‍ കയറി എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദല്‍ഹി പൊലീസ് നീക്കത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ദല്‍ഹിയിലെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി എസ്.എഫ്.ഐ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ദല്‍ഹി പൊലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. കേന്ദ്രത്തിന്റേത് പ്രതികാര നടപടിയാണ്. പൊലീസ് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ കടന്ന് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ ശക്തികള്‍ക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്.

ഇത്തരം വിരട്ടലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല എസ്.എഫ്.ഐയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും,’ പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കടക്കാനുള്ള ദല്‍ഹി പൊലീസിന്റെ നീക്കം അപലപനീയമാണ്. സഖാവ് ഐഷെ ഘോഷിനും എസ്.എഫ്.ഐയുടെ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഇന്ന് വൈകിട്ടോടെയാണ് ദല്‍ഹി പൊലീസ് എ.കെ.ജി സെന്ററിലെത്തിയത്. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് തിരിച്ചുപോയി. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ആണെങ്കില്‍ യൂണിഫോം ധരിച്ചും നെയിം പ്ലേറ്റ് ധരിച്ചും മടങ്ങി വരണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിപ്പോയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു ഐഷി ഘോഷ്. സി.ജെ.പിക്കൊപ്പം ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ വിദ്യാര്‍ത്തി സംഘടനകളുടെ പ്രതിനിധികളും ജന്തര്‍ മന്ദറിലെ നിരാഹാര സമരത്തില്‍ അടക്കം പങ്കാളികളായിരുന്നു.

പിണറായി വിജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ദല്‍ഹിയിലെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസില്‍ കടന്നുകയറി എസ്.എഫ്.ഐ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്.

കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരില്‍ പാര്‍ടി ഓഫീസില്‍ കടന്ന് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ ശക്തികള്‍ക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാന്‍ കഴിയൂ.

രാജ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല എസ്.എഫ്.ഐയും ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കടക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കം അപലപനീയമാണ്. സഖാവ് ഐഷി ഘോഷിനും എസ്.എഫ്.ഐയുടെ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

Content Highlight: Pinarayi Vijayan on Delhi Police’s Move to Arrest Aishe Ghosh

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more