തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരപരാധികളായ ആളുകളെ മർദ്ദിച്ച് പരിക്കേൽപ്പിക്കുന്ന ക്രൂരമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി നിയമസഭയിലും പൊതുവായും നൽകുന്ന നിർദ്ദേശങ്ങൾക്കും ഉറപ്പുകൾക്കും യാതൊരു വിലയും കൽപ്പിക്കാതെയാണ് പൊലീസ് സേന പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ വിമർശിച്ചു.
ആഭ്യന്തര മന്ത്രി സഭയിൽ വിശദീകരണം നൽകിയെങ്കിലും, അദ്ദേഹം പ്രധാനമായും രണ്ട് അപകടങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മാത്രമാണ് സംസാരിച്ചത്. മറ്റു സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ലായെന്ന് അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരി അപകടം ഉണ്ടായപ്പോൾ തന്നെ ആഭ്യന്തര മന്ത്രി വളരെ വിശദമായി കാര്യങ്ങൾ സഭയിൽ വ്യക്തമാക്കിയതായിരുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഒരു കാര്യം പറയുമ്പോൾ അത് ആ സ്ഥലത്തുമാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, തെറ്റ് ചെയ്യുകയും ചുമതലകൾ കൃത്യമായി നിർവഹിക്കാതിരിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഗൗരവമായ സന്ദേശമായിട്ടാണ് അത് പോകേണ്ടതെന്ന് പിണറായി വ്യക്തമാക്കി.
നെടുമ്പാശ്ശേരി സംഭവത്തിൽ ആഭ്യന്തര മന്ത്രി അത്തരം ശക്തമായ നിലപാട് എടുത്തിട്ടും തൊട്ടുപിന്നാലെ പൊലീസിന്റെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വന്നോ എന്ന് നാം ചിന്തിക്കണം. ചേരാനല്ലൂർ സംഭവത്തെക്കുറിച്ച് പറയുമ്പോൾ ആഭ്യന്തര മന്ത്രിക്ക് കൂടുതൽ വികാരഭരിതനായി സംസാരിക്കേണ്ടിവന്നു. കേരളത്തിലെ പൊലീസ് വകുപ്പിന്റെ തലപ്പത്തിരിക്കുന്ന എല്ലാവർക്കും ഉള്ള സന്ദേശമായിട്ടാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ ചെല്ലുന്നതെങ്കിലും ഒരു കൂട്ടർക്ക് അത് ബാധകമേ അല്ല എന്ന നിലപാടാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.
‘സമ്പന്നരും സ്വാധീനമുള്ളവരും പ്രത്യേക കാറ്റഗറിയായും പാവപ്പെട്ടവർ മറ്റൊരു കാറ്റഗറിയായും മാറുന്ന സ്ഥിതിയാണിവിടെ. അതിനോടൊന്നും സർക്കാരിന് യോജിപ്പില്ല എന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങൾ ഇത് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്’ അദ്ദേഹം പറഞ്ഞു.
ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ നാട് സമ്പൂർണ അരാജകത്വത്തിലേക്കും വലിയ തോതിലുള്ള ക്രമസമാധാന ലംഘനത്തിലേക്കും നീങ്ങിപ്പോകുമെന്നും സാധാരണക്കാർക്ക് നേരെ കേട്ടുകേൾവിയില്ലാത്ത അതിക്രമങ്ങളും നീതിനിഷേധവുമാണ് നടക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകനുമായും മകളുമായും ഇന്നലെ ഫോണിൽ സംസാരിച്ചപ്പോൾ, ആഭ്യന്തര മന്ത്രിയെ കുറ്റപ്പെടുത്താതെ സർക്കാർ നടപടികൾ കൃത്യമായി ഉണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാൽ അച്ഛന്റെ ചിത അടങ്ങുന്നതിനു മുൻപാണ്, തങ്ങൾക്കും സമ്പന്നർക്കും ഇരട്ട നീതിയാണോ എന്ന് ആ മക്കൾ വലിയ വികാരത്തോടെ ചോദിച്ചത്. ആ ചെറുപ്പക്കാരന്റെ വാക്കുകളിൽ വലിയ വേദനയും വികാരവും പൊലീസിലുള്ള കടുത്ത അവിശ്വാസവുമാണ് പ്രകടമായതെന്ന് അദ്ദേഹം പറഞ്ഞു.
‘അങ്ങേയറ്റം വേദനാജനകവും അപമാനകരവുമായ ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത് നെടുമ്പാശ്ശേരി സംഭവത്തിന് ശേഷവും പൊലീസിന് ഒരു മാറ്റവും വരാത്തതുകൊണ്ടാണ്. വിദ്യാർത്ഥികളുടെ തലയ്ക്കടിക്കില്ലെന്ന് അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അസന്ദിഗ്ദ്ധമായി സഭയിൽ പ്രഖ്യാപിച്ചതിനു ശേഷവും പൊലീസുകാർ വീണ്ടും തലയ്ക്കടിക്കുന്ന സ്ഥിതിയുണ്ടായി. മന്ത്രിയുടെ വാക്ക് അംഗീകരിക്കേണ്ട പൊലീസുകാർ അത് അനുസരിക്കാത്തത് അതീവ ഗൗരവമായി കാണണം’ പിണറായി വിജയൻ പറഞ്ഞു.
വർക്കലയിൽ മറ്റൊരാളെ അന്വേഷിച്ചുപോയ പൊലീസ് 17 വയസുള്ള മുഹമ്മദ് റഹാൻ എന്ന കുട്ടിയെ ആളുമാറി പിടികൂടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി എല്ലൊടിക്കുകയും ജീപ്പിലേക്ക് എടുത്തെറിയുകയും ഉമ്മയെയും ബാപ്പയെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടൂരിൽ അഫ്സൽ എന്ന യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിക്കുകയും തടയാൻ ചെന്ന അമ്മയെ ആക്രമിക്കുകയും ചെയ്തു. ഒടുവിൽ പ്രതിയല്ലെന്ന് ബോധ്യപ്പെട്ട് വിട്ടയക്കുമ്പോഴേക്ക് ആ നിരപരാധിയായ ചെറുപ്പക്കാരന് ഭീകരമായ മർദ്ദനം ഏൽക്കേണ്ടി വന്നു.
ചിറയിൻകീഴിൽ വിഘ്നേശ്വരൻ എന്ന ഹൃദ്രോഗിയെ പൊലീസ് തല്ലുന്നത് കണ്ട് ‘അയാൾ ഹൃദ്രോഗിയാണ്, അടിക്കരുത്’ എന്ന് പറഞ്ഞ 43 കാരനായ സജിയെ ക്രൂരമായി മർദ്ദിക്കുകയും ഏതാനും ദിവസങ്ങൾക്കകം അദ്ദേഹം മരണപ്പെടുകയും ചെയ്തു. കൊല്ലം പുത്തൂരിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന അഭിഷേക് എന്ന 23 കാരനായ മൂവി എഡിറ്റിംഗ് വിദ്യാർത്ഥിയെയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറെയും സിനിമാ സ്റ്റൈലിൽ തടഞ്ഞുനിർത്തി സി.ഐ മർദ്ദിച്ച് ഇടത്തെ കണ്ണ് അടിച്ചുതകർത്തു. ഗുരുതരമായി പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ, ‘ഡോക്ടറോട് വേണ്ടാത്ത കാര്യങ്ങൾ ഒന്നും പറയരുത്, സി.ഐ എന്തും ചെയ്തുകളയും’ എന്ന് പറഞ്ഞ് പൊലീസ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്ന് പിണറായി സഭയിൽ പറഞ്ഞു.
സർക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും നയങ്ങളും വാക്കുകളും നല്ലതാണെങ്കിലും പൊലീസിന് തങ്ങൾക്ക് എന്തുമാകാം എന്ന തോന്നൽ ഉണ്ടായിരിക്കുന്നു. ഹൈക്കോടതിയുടെ അടക്കം രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടിവരുന്ന ഈ പൊലീസ് അതിക്രമങ്ങളും അക്രമവാസനയും നിയന്ത്രിക്കാൻ മന്ത്രിയുടെ വാക്കുകൾ സേന അനുസരിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത പൊലീസ് സേനയെക്കുറിച്ചുള്ള വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് താനും തന്റെ പാർട്ടിയും സഭയിൽ നിന്ന് വാക്കൗട്ട് നടത്തുകയാണെന്ന് പിണറായി വിജയൻ അറിയിച്ചു.
Content Highlight:Pinarayi Vijayan lists instances of custodial violence; criticism that the police are not heeding the Home Minister.