| Wednesday, 29th October 2025, 12:58 pm

കോടിയേരിയെ പോലെ പിണറായിയും നരകിച്ച് മരിക്കും; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി വനിതാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനുമെതിരെ അധിക്ഷേപവുമായി ബി.ജെ.പി വനിതാ നേതാവ് അധീന ഭാരതി. കോടിയേരി ബാലകൃഷ്ണന്‍ നരകിച്ച് മരിച്ചത് പോലെ പിണറായി വിജയനും നരകിച്ച് മരിക്കുമെന്നാണ് അധീന പറഞ്ഞത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് അധീന ഭാരതി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതോടെ അധീനക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പലരും നേതാവിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലടക്കം വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തി. പിന്നാലെ അധീന തന്റെ കമന്റ് ബോക്‌സ് പൂട്ടി.

ഒരു മനുഷ്യന്റെ മരണത്തക്കുറിച്ച് ഇത്രയേറെ ക്രൂരമായി പറയുകയും, മറ്റൊരു മനുഷ്യന്‍ നരകിച്ചു മരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഇവരുടെ മനസ് എത്രയേറെ വികലമായിരിക്കുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

മരണമെന്നത് ആര്‍ക്കും എങ്ങനെയും സംഭവിക്കാമെന്നും അതിനെ വാക്കുകള്‍ കൊണ്ട് ക്രൂരമായി പറയാന്‍ കഴിയുന്നത് എങ്ങനെയെന്നും വിമര്‍ശനമുണ്ട്. നമ്മളോട് ഒരാള്‍ അത്രയും ക്രൂരത കാണിച്ചാലും ഈ രീതിയില്‍ പറയരുതെന്നും ആളുകള്‍ പറയുന്നുണ്ട്.

അധീന ഭാരതി ഒരു രാഷ്ട്രീയ നേതാവ് കാണിക്കേണ്ട പക്വത കാണിച്ചില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

വീഡിയോയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രനും വിമര്‍ശനവുമായി എത്തി. കഴിഞ്ഞ ദിവസമാണ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതെന്നും അധീനയുടെ ഉള്ളില്‍ എത്ര വലിയ വിഷമാണെന്ന് താന്‍ അതിശയിച്ചു പോയിയെന്നും ആര്യ പറഞ്ഞു.

ഇങ്ങനെയുള്ള കൊടിയ വിഷങ്ങള്‍ നാടിന് ആപത്താണെന്നും ഇത്തരക്കാരില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മേയര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി മരിച്ച സമയത്ത് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പോയപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായ തനിക്ക് കണ്ടുനിന്ന ചിലര്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ തിരക്കൊഴിഞ്ഞ സമയം എനിക്ക് വഴിയൊരുക്കി തന്നുവെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും മാനുഷിക മൂല്യം ഉയര്‍ത്തിപിടിക്കണം എന്നാണ് എന്റെ രാഷ്ട്രീയം എന്നെ പഠിപ്പിച്ചത്. നാളെയെ കുറിച്ച് നമുക്ക് ഉറപ്പുള്ള ഒരേ ഒരുകാര്യം ഒരു ദിവസം ആരാണെങ്കിലും മരിക്കും എന്നത് മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi Vijayan will die in hell like Kodiyeri Balakrishnan; BJP woman leader makes abusive remarks

We use cookies to give you the best possible experience. Learn more