കൊച്ചി: നടന്‍ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്നും ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ നിലനിന്നുപോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു.
മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍,’ മുഖ്യമന്ത്രി കുറിച്ചു.
തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു അഭിമുഖത്തിനായി തങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസില്‍ സ്ഥാനമുറപ്പിച്ചതും ഓര്‍മിക്കുന്നു.
വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ എറണാകുളം കണ്ടനാട്ടെ വീട്ടില്‍ ശ്രീനിവാസന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഒരു മണി മുതൽ നാല് മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. സംസ്കാരം നാളെ പത്ത് മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.
ഇന്ന് (ശനി) രാവിലെയാണ് ശ്രീനിവാസന്‍ മരണപ്പെട്ടത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം വിശ്രമത്തിലായിരുന്നു.
Content Highlight: Pinarayi Vijayan expressed condolences on the demise of Sreenivasan