തിരുവനന്തപുരം: സ്വയംഭരണ പദവിയുടെ മറവിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സർക്കാർ നേരത്തെയുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ അട്ടിമറിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാർ, എയ്ഡഡ്, ഓട്ടോണോമസ് കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11-ന് ഇറക്കിയ സർക്കുലറിൽ (നമ്പർ: E2/184/2026-HEDN) വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ പൂർണമായി അട്ടിമറിച്ച്, സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളേജുകളിൽ തോന്നിയപോലെ അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാരിന്റെ നിരാക്ഷേപ പത്രം (NOC) ആവശ്യമില്ലെന്ന ഇളവ് അനുവദിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യാതൊരു ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ നിയന്ത്രണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയുമുള്ള ഈ തീരുമാനം വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് നൽകിയ ഉറപ്പുകൾ ലംഘിച്ചാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മാനേജ്മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വൻ ഇളവുകൾ പ്രഖ്യാപിച്ചത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
വർഷാവർഷമുള്ള പരിശോധനകൾ റദ്ദാക്കിയതും, അഡ്മിഷൻ നടപടികൾ പൂർത്തിയായ ശേഷം മാത്രം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്നുമുള്ള ഇളവുകൾ മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയാണെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാർ നിയന്ത്രണങ്ങൾ പാടെ എടുത്തുകളഞ്ഞത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കും. അതിനാൽ സെപ്റ്റംബർ 11-ലെ ഉത്തരവ് അട്ടിമറിച്ച് മാനേജ്മെന്റുകൾക്ക് മുന്നിൽ കീഴടങ്ങിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight:Commercialization of education under the guise of autonomous colleges; Pinarayi Vijayan demands withdrawal of controversial circular.