തിരുവനന്തപുരം: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ് വിഷയത്തിലും വയനാട് ദുരന്തബാധിതരുടെ പേരില്‍ നടത്തിയ പണപ്പിരിവിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയന്‍ കോണ്‍ഗ്രസിന്തിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
യെലഹങ്കയില്‍ പാവങ്ങളുടെ വീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടിച്ചുനിരത്തിയിട്ട് ഇന്നേക്ക് നൂറ് ദിവസം കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പോസ്റ്റ് ആരംഭിച്ചത്. ബുള്‍ഡോസര്‍ രാജിനിരയായവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്ക് കീഴില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയിട്ട് 101 ദിവസമായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. യെലഹങ്കയിലെ പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചിട്ട് നാളേക്ക് മൂന്ന് മാസമാകുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.
വയനാട് ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ വിവരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആപ്പ് പുറത്തിറക്കി പണപ്പിരിവ് തുടങ്ങിയിട്ട് നാളേക്ക് 590 ദിവസമായെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. നിയമസഭാ സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ സംവാദം ആഗ്രഹിക്കാത്ത കൂട്ടരാണ് ഇവിടുത്തെ പ്രതിപക്ഷമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യെലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്ത് തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ട് വീടുകള്‍ നിര്‍മിച്ച് കൊടുക്കുന്നില്ലെന്നും വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണെന്നും അതിന്റെ കണക്ക് മറച്ചുവെക്കുന്നത് എന്തിനാണെന്നും ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടാണ് പിണറായി വിജയന്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറി കുടിലുകള്‍ കെട്ടിയെന്ന് ആരോപിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ 167 വീടുകള്‍ പൊളിച്ചുനീക്കിയത്. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ജനുവരി ഒന്നിന് പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഇടപെട്ട പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
പിണറായി വിജയന്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം
യലഹങ്കയിലെ പാവങ്ങളുടെ വീടുകള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുള്‍ഡോസര്‍ രാജിനിരയായവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കു കീഴെ അന്തിയുറങ്ങാന്‍ തുടങ്ങിയിട്ടും 101 ദിവസം. യലഹങ്കയിലെ ഇരകള്‍ക്ക് ജനുവരി ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീടു നല്‍കുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം.
വയനാട് ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോണ്‍ഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം. നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തില്‍ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം.
അവരോട് ആവര്‍ത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്തു തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ടാണ് നിങ്ങള്‍ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങള്‍ മറച്ചുവെക്കുന്നത്?
Content Highlight: Pinarayi Vijayan criticizing Congress in Yelehanka demolition and Chooralmala fund