കണ്ണൂര്‍: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും, ഇതിനോടുള്ള കോണ്‍ഗ്രസിന്റെ നിലപാടിനുമെതിരെയും രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍.
രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യവ്യാപകമായി ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമ്പോഴും, തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്ത മറ്റുള്ളവര്‍ക്കെതിരെ ഇ.ഡി.യുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
എന്തുകൊണ്ട് പിണറായി വിജയന്റ് വീട് റെയ്ഡ് ചെയ്യുന്നില്ല എന്ന് ചോദിച്ച രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ സന്തോഷമായിക്കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ രാജ്യത്തിലെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് ബി.ജെ.പി സര്‍ക്കാര്‍ എല്ലാ കാലത്തും തുടര്‍ന്നു വരുന്നത്. വീട്ടില്‍ കയറിയുള്ള പരിശോധന ഇ.ഡി. തുടങ്ങിയിട്ട് വളരെ കാലമായി. ഇത് ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കും എന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ക്ക്.
എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചത്. അതുകൊണ്ട് ഇപ്പോള്‍ നടന്ന ഈ നടപടികളില്‍ അദ്ദേഹത്തിന് വലിയ സന്തോഷമായിട്ടുണ്ടാകും.
രാജ്യവ്യാപകമായി ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമ്പോഴും, ഞങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്ത മറ്റുള്ളവര്‍ക്കെതിരെ ഇ.ഡി.യുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
എന്നാല്‍ ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇതൊരു തുടക്കം മാത്രമായിട്ടേ ഞങ്ങള്‍ കാണുന്നുള്ളൂ. ഇത്തരത്തിലുള്ള ഏതെങ്കിലും നടപടികള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല,’ അദ്ദേഹം പറഞ്ഞു.
ഇ.ഡി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ത്തു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാവുകയും, സ്ഥിതി നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.
വളരെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ വാഹനം അവിടെനിന്നും പുറത്തേക്ക് കൊണ്ടുപോയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇടതുപക്ഷം.
Content Highlight: Pinarayi Vijayan criticizes central agencies and Congress