തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും. ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയുന്നത് വൈവിധ്യം ഇല്ലാതാക്കാനാണെന്നും വൈദേശിക നയങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ ഭരണഘടന പോലും ഉണ്ടാവില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നില്ല ഭരണണഘടനയുടെ ലക്ഷ്യമെന്നും മറിച്ച് വൈവിധ്യങ്ങളെ ഉയര്‍ത്തി പിടിച്ച് മുമ്പോട്ട് കൊണ്ടുപോകുകയായിരുന്നു ഭരണഘടന ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടന പഠനം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അഭിപ്രായത്തിന് കൂച്ചുവിലങ്ങിട്ടാല്‍ എവിടെയാണ് ഭരണഘടനയ്ക്ക് പ്രസക്തിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ഉടന്‍ തന്നെ ലജ്ജിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും വിദേശ ഭാഷകളേക്കാള്‍ മുന്‍ഗണന ഇന്ത്യന്‍ ഭാഷകള്‍ക്ക് നല്‍കണമെന്നുമാണ് അമിത് ഷാ പറഞ്ഞത്.
‘ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ലജ്ജ തോന്നും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. നമ്മുടെ രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരല്ല,’ അമിത് ഷാ പറഞ്ഞു.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷ നയത്തിനെതിരെ രംഗത്ത് എത്തി. ഭാഷ ധനസഹായത്തില്‍ കേന്ദ്രസര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നുവെന്നാണ് സ്റ്റാലിന്‍ ആരോപിച്ചത്. തമിഴിനെയും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളെയും അവഗണിക്കുമ്പോള്‍ സംസ്‌കൃതത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘സംസ്‌കൃതത്തിന് കോടികള്‍ ലഭിക്കുന്നു; തമിഴിനും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും ലഭിക്കുന്നത് മുതലക്കണ്ണീര്‍ മാത്രമാണ്. തമിഴിനോടുള്ളത് വ്യാജ വാത്സല്യം. എല്ലാ പണവും സംസ്‌കൃതത്തിനാണ്,’ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
പത്ത് വര്‍ഷത്തിനിടയില്‍ സംസ്‌കൃതത്തിന്റെ പ്രചാരണത്തിനായി കേന്ദ്രം 2,532.59 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നിങ്ങനെയുള്ള അഞ്ച് ക്ലാസിക്കല്‍ ഇന്ത്യന്‍ ഭാഷകള്‍ക്കാകെ അനുവദിച്ചത് 147. 56 കോടി മാത്രമാണ്.
Content Highlight: Pinarayi Vijayan criticize Amit Shah on his anti English reamarks