മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി- യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലൊരു അവിശുദ്ധ കൂട്ടുകെട്ടിന് എല്‍.ഡി.എഫ് ഇല്ലെന്നും ആളുകള്‍ അകറ്റിനിര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമി പോലുള്ള വര്‍ഗീയ ശക്തികളുടെ പിന്തുണ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്മയുടെ രാഷ്ട്രീയം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് എല്‍.ഡി.എഫെന്നും എന്നാല്‍ നില്‍ക്കകളിയല്ലാതെ എന്ത് നിലപാടും സ്വീകരിക്കാന്‍ തയ്യാറവുന്നവരാണ് യു.ഡി.എഫെന്നും അദ്ദേഹം വിമര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമം ദിനപത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യത്തേയും തന്റെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാധ്യമ ദിനപത്രത്തിന്റെയും ചാനലിന്റെയും ഉദ്ഘാടനങ്ങള്‍ക്ക് അന്നത്തെ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് പാണക്കാട് തങ്ങള്‍ പോയിരുന്നോ എന്ന് ഇന്നത്തെ ലീഗ് നേതൃത്വം പരിശോധിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനങ്ങള്‍ക്ക് പാണക്കാട് തങ്ങള്‍ പങ്കെടുത്തിരുന്നില്ല. ലീഗിന്റെ നേതൃത്വം അറിയാതെ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടാന്‍ തീരുമാനമെടുത്തു എന്ന് കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വീകാര്യതയ്ക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി ചില നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ അതില്‍ കുടുങ്ങാന്‍ അവരെ അറിയാവുന്നവര്‍ നിന്നുകൊടുത്തില്ലെന്ന് പറഞ്ഞ മുുഖ്യമന്ത്രി ലീഗും കോണ്‍ഗ്രസും നില്‍ക്കകളി ഇല്ലാതെയാണ് ഈ വഴി സ്വീകരിച്ചതെന്നും അഭിപ്രായപ്പെട്ടു.
അതേസമയം പി.വി. അന്‍വറിനെതിരേയും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എല്‍.ഡി.എഫിന് ഒരു വഞ്ചകനെ കൂടേകൂട്ടേണ്ടി വന്നെന്നും അയാളുടെ വഞ്ചനയുടെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജിന് മണ്ഡലത്തില്‍ വലിയ സ്വീകര്യതയാണ് ലഭിക്കുന്നതെന്നും എല്‍.ഡി.എഫുകാരല്ലത്താവര്‍ പോലും അദ്ദേഹത്തെ ശക്തമായി പിന്തുണക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlight: Pinarayi Vijayan criticise UDF and Jamaat-e-Islami connection