| Sunday, 10th May 2026, 4:26 pm

സാമൂഹ്യനീതിയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശ; വിജയ്‌യ്ക്ക് ആശംസയുമായി പിണറായി

ആദർശ് എം.കെ.

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‌യ്ക്ക് ആശംസകളുമായി കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ നല്‍കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ താങ്കളില്‍ അര്‍പ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പിണറായി വിജയന്‍ പറഞ്ഞു.

കേരളവും തമിഴ്‌നാടും ദീര്‍ഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്നും ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് (ഞായര്‍) രാവിലെ പത്ത് മണിക്കായിരുന്നു വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരകമേറ്റെടുത്തത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. പത്തംഗ മന്ത്രിസഭയും വിജയ് പ്രഖ്യാപിച്ചിരുന്നു.

മുന്‍ ഡി.എം.കെ ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആകെ 234 സീറ്റുകളുള്ള തമിഴ്നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് വിജയിച്ചതിനാല്‍ 107 അംഗങ്ങളാണ് ടി.വി.കെയ്ക്ക് ഉണ്ടായിരുന്നത്.

കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കോണ്‍ഗ്രസാണ് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്. ശേഷം സ്റ്റാലിന്റെ അനുവാദത്തോടെ രാഷ്ട്രപതി ഭരണത്തിന് തടയിടാന്‍ സി.പി.ഐ.എം, സി.പി.ഐ എം.എല്‍മാരും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തോള്‍ തിരുമാവളവന്റെ വി.സി.കെയ്‌ക്കൊപ്പം മുസ്‌ലിം ലീഗും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് വഴിയൊരുങ്ങിയത്.

Content Highlight: Pinarayi Vijayan congratulates Vijay on taking oath as the Chief Minister of Tamil Nadu.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more