തിരുവനന്തപുരം: സൈബറാക്രമണത്തില്‍ നടന്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപത്തില്‍ ക്ഷമ ചോദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഖേദ പ്രകടനം.
മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം സദുദ്ദേശത്തോട് കൂടിയായിരുന്നുവെന്നും എന്നാല്‍ അത് ക്യാമറ വസ്ത്രത്തില്‍ വെച്ച് നടന്നവര്‍ വിവാദമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ അറിയാതായോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.പി.ഐ.എമ്മിന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മമ്മൂട്ടിയെ സൈബറിടങ്ങളില്‍ ആക്രമിച്ചുവെന്ന വാര്‍ത്ത നിര്‍ഭാഗ്യകരമാണ്. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. നല്ലതിനെ എങ്ങനെ ചീത്തയാക്കാം എന്നതിന്റെ ഉദാഹരണമാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നന്മ മാത്രം ആഗ്രഹിച്ചാണ് മമ്മൂട്ടി ടൗണ്‍ഷിപ്പ് കാണാന്‍ എത്തിയത്. സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ അറിയിക്കാതെയാണ് അദ്ദേഹം വയനാട് സന്ദര്‍ശിച്ചത്. സൈബറാക്രമണത്തെ തുടര്‍ന്ന് മലയാളത്തിന്റെ മഹാനടന് മനസിന് പ്രയാസമോ വേദനയോ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുന്നതിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം സൈബറാക്രമണത്തിന് ഇരയായത്.
പിന്നാലെ കെ. റഫീഖിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ചാണ് മമ്മൂട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തുടര്‍ന്ന് മമ്മൂട്ടി തന്നോട് വ്യക്തിപരമായി ഉന്നയിച്ച ഒരു കണ്‍സേണ്‍ മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്ന് കെ. റഫീഖ് പ്രതികരിച്ചിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കെ. റഫീഖ് ഒപ്പം നില്‍ക്കുമ്പോള്‍ ‘ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ കരുതില്ലേ’ എന്ന ആശങ്കയാണ് മമ്മൂട്ടി പ്രകടിപ്പിച്ചത്. നേരത്തെ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയ പി. രാജീവ് അടക്കമുള്ള മന്ത്രിമാരും ഇടത് സൈബര്‍ പോരാളികളുടെ സൈബറാക്രമണത്തിന് ഇരയായിരുന്നു.
Content Highlight: Pinarayi Vijayan apologizes to Mammootty for cyber attack