| Saturday, 20th September 2025, 8:13 pm

മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം; മോഹന്‍ലാലിനെ പ്രശംസിച്ച് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.

മോഹന്‍ലാലിന്റെ പുരസ്‌കാര നേട്ടം മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച പ്രിയ മോഹന്‍ലാലിന് അഭിനനന്ദനങ്ങള്‍ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങള്‍!’

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹന്‍ലാലിന് അഭിനന്ദനമറിയിച്ചിരുന്നു.

മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹന്‍ലാലെന്നാണ് മോദി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. പതിറ്റാണ്ടുകളുടെ സമ്പന്നമായ തന്റെ കലാജീവിതം കൊണ്ട് മോഹന്‍ലാല്‍ മലയാള സിനിമയുടെയും നാടകവേദിയുടെയും വഴികാട്ടിയായെന്നും മോദി പറഞ്ഞു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മികവ് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലേക്ക് ഇത് രണ്ടാം തവണയാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമെത്തുന്നത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ പുരസ്‌കാരം നേടിയ ആദ്യ മലയാളി.

സെപ്റ്റംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ച് മോഹന്‍ലാല്‍ പുരസ്‌കാരമേറ്റുവാങ്ങും.

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവ്.

Content Highlight: Pinarayi Vijayan and Narendra Modi praises Mohanlal

We use cookies to give you the best possible experience. Learn more