തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന്റെ ലക്ഷ്യം യൂണിവേഴ്‌സിറ്റി ഹോസ്റ്റലും എസ്.എഫ്.ഐയുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ആസൂത്രിത അക്രമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംഘപരിവാറിനുമെതിരെ എന്ന വ്യാജേന ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം യൂണിവേഴ്‌സിറ്റി ഹോസ്റ്റലും എസ്.എഫ്.ഐയുമായിരുന്നെന്ന് പിണറായി വിജയന്‍. ആര്‍.എസ്.എസിനെ സുഖിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും വേണ്ടി അരങ്ങേറിയ ആസൂത്രിത അക്രമമാണിത്.
കേന്ദ്ര സര്‍ക്കാരിനെതിരെയോ സംഘപരിവാറിനെതിരെയോ ഒരക്ഷരം മിണ്ടില്ലെന്ന കടുത്ത വാശിയിലാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രിയും. അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പങ്കുവെച്ച കായിക മന്ത്രിയുടെ പോസ്റ്റ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് പിന്‍വലിപ്പിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് ഇന്നലത്തെ യൂത്ത് കോണ്‍ഗ്രസ് സമര പ്രഹസനം അരങ്ങേറിയത്, പിണറായി കുറിച്ചു.
ഡി.സി.സി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും സ്വന്തം മന്ത്രിമാരെ വഴിയില്‍ തടഞ്ഞിട്ടും സംഘപരിവാറിനെതിരെ പ്രതികരിക്കാന്‍ എം.പിയോ മറ്റ് ജനപ്രതിനിധികളോ യൂത്ത് കോണ്‍ഗ്രസുകാരോ തിരിഞ്ഞ് പോലും നോക്കിയില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു അവരുടെ ലക്ഷ്യം എന്ന് ഇത് തെളിയിക്കുന്നുവെന്നും പിണറായി ആരോപിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ പരാജയമായി മാറിയ സര്‍ക്കാര്‍ ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനാണ് പാര്‍ട്ടി ഗുണ്ടകളെ ഇറക്കി ബോധപൂര്‍വ്വം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അക്രമം അഴിച്ചുവിട്ടതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.
സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി, ആശുപത്രികളിലെ മരുന്ന് ക്ഷാമം, സ്‌പോണ്‍സര്‍ഷിപ്പ് യാത്രകളിലെ ദുരൂഹതകള്‍, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം, മുടങ്ങിയ പ്രളയദുരിതാശ്വാസം തുടങ്ങിയ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാരിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ്സ് പ്രകടനം ആരംഭിക്കുന്ന വേളയിലാണ് പ്രദേശത്ത് കറന്റുപോവുന്നത്. സംസ്ഥാനത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതി നിയന്ത്രണത്തിനെതിരെയായിരുന്നു യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. കറന്റു പോവുമ്പോള്‍ പ്രതിഷേധിക്കുന്നവരെ കായികമായി നേരിട്ടുകളയും എന്നാണോ യൂത്ത് കോണ്‍ഗ്രസ്സിന്റെ നിലപാട്? എങ്കില്‍ പത്ത് വര്‍ഷമായി ജനങ്ങള്‍ക്ക് ശീലമില്ലായിരുന്ന പവര്‍ കട്ട് തിരിച്ച് കൊണ്ട് വന്നതിനെതിരെ പ്രതികരിക്കുന്ന കേരള ജനതയോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്നും പിണറായി അഭിപ്രായപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്.ഐ.ആര്‍ പ്രക്രിയക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടങ്ങളുടെ മുന്‍നിരയിലാണ് എസ്.എഫ്.ഐ ഉള്ളത്. കമ്മീഷനെതിരായ പ്രതിഷേധം വഴിയില്‍ ഉപേക്ഷിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമണം നടത്തിയത് വഴി സംഘപരിവാറിനെ ഒരു തരത്തിലും പ്രകോപിപ്പിക്കലല്ല, പ്രീതിപ്പെടുത്തലാണ് യു.ഡി.എഫ് അജണ്ട എന്ന് തെളിയിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായ സമരമായിരുന്നു ലക്ഷ്യമെങ്കില്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങള്‍ വലിച്ചെറിയേണ്ട ആവശ്യമെന്താണ്? വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കുകയും പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സ് പോലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനുഷ്യത്വമില്ലാതെ തടഞ്ഞുവെച്ചു. ഏറ്റവും അപലപനീയമായത് കേരള പോലീസിന്റെ പക്ഷപാതിത്വവും നരനായാട്ടുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പാളയത്ത് യൂത്ത് കോണ്‍ഗ്രസ്സ് അഴിഞ്ഞാടുന്നതിന്റെ തൊട്ടുമുന്‍പാണ് തൊട്ടടുത്തുള്ള ബേക്കറി ജംഗ്ഷനില്‍ സ്വന്തം കാബിനറ്റിലെ ഒരു മന്ത്രിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞത്. മന്ത്രിക്ക് കാല്‍നടയായി പോകേണ്ടി വന്നിട്ടും കാഴ്ചക്കാരായി നോക്കിനിന്ന പോലീസാണ് ഹോസ്റ്റലിന് അകത്ത് കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി വേട്ടയാടിയത്.
തര്‍ക്കപരിഹാരത്തിനെന്ന പേരില്‍ ഹോസ്റ്റലില്‍ പ്രവേശിച്ച പോലീസ് യാതൊരു പ്രകോപനവുമില്ലാതെയാണ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. പോലീസ് അഭ്യര്‍ത്ഥന പ്രകാരം പ്രശ്‌നത്തില്‍ ഇടപെട്ട എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും അതിക്രൂരമായി മര്‍ദ്ദിക്കുന്ന നിലയാണ് ഉണ്ടായത്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന യൂത്ത് കോണ്‍ഗ്രസ് അക്രമത്തിനും പോലീസിന്റെ ക്രൂരതയ്ക്കും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറഞ്ഞേ തീരൂ. കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.
അക്രമത്തിന് നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ വിശിഷ്യാ കന്റോണ്‍മെന്റ് സി.ഐ, എസ്.ഐ. എന്നിവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണം. പോലീസിനെയും സഹായികളായി യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെയും കയറൂരി വിട്ട് എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ഉദ്ദേശ്യമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും,’ പിണറായി കുറിച്ചു.
Content Highlight: Pinarayi Vijayan Accuses Youth Congres March’s Target Was SFI