| Friday, 20th March 2026, 12:59 pm

ശബരിമല സ്ത്രീപ്രവേശനം: ആചാരങ്ങളില്‍ ഏകപക്ഷീയമായ നിലപാടില്ല, ചര്‍ച്ചകള്‍ വേണമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളെ പരിഗണിച്ചുകൊണ്ടുള്ള സമവായത്തിന്റെ പാതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സര്‍ക്കാര്‍ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഈ വിഷയത്തില്‍ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുണ്ട്. അവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തണം. അതിനുശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താന്‍ സാധിക്കൂ,’ മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോള്‍ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘കോടതി ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കില്‍ അപ്പോള്‍ എന്ത് പറയണം എന്ന് ആലോചിക്കും,’ അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളില്‍ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നല്‍കുക എന്നതാണ് നിലവിലെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടിനേക്കാള്‍ ഉപരി നിലപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന രാഷ്ട്രീയ ശൈലിയാണ് തന്റേതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ‘നാല് വോട്ടിന് വേണ്ടിയല്ല, നിലപാടുകള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നത്’ എന്നായിരുന്നു മുന്‍പ് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം നല്‍കിയ മറുപടി.

രാഷ്ട്രീയമായ ലാഭത്തേക്കാള്‍ തത്വദീക്ഷയുള്ള നിലപാടുകള്‍ക്കാണ് സി.പി.എം മുന്‍ഗണന നല്‍കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികളെയും പണ്ഡിതരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ശബരിമല വിഷയത്തിനപ്പുറം, പൊതുസമൂഹത്തിലും ഭരണരംഗത്തും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കൂടുതല്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi Vijayan about Sabarimala Tradition and Supreme court Order and Government Decision

Latest Stories

We use cookies to give you the best possible experience. Learn more