തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി വന്ന വിഷയം ഏറെ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭം ധരിച്ച സ്ത്രീയെ കൊല്ലുമെന്ന് പറയുന്നത് ക്രിമിനല്‍ രീതിയാണെന്നും രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഗൗരവമേറിയ വിഷയമായിട്ട് തന്നെയാണ് ഈ വിഷയം കേരളീയ സമൂഹം ഏറ്റെടുത്തത്. മാധ്യമങ്ങളും അത് ഏറ്റെടുത്തു. മറ്റു കാര്യങ്ങളില്‍ സമൂഹം തന്നെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു.
അത്തരമൊരു ആള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതു അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ ആ നിലയല്ല ഇപ്പോള്‍ വന്നിടത്തോളം കാണുന്നത്. എത്ര നാള്‍ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല.
നമ്മുടെ സമൂഹത്തില്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി ഇത് മാറി. ഒന്നല്ല ഒന്നിലധികം സംഭവങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു.
അതില്‍ നിങ്ങള്‍ തന്നെ പുറത്തുകൊണ്ടുവന്ന കാര്യങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭസ്ഥ ശിശുവിനെ, ആ ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമല്ല അങ്ങനെ ചെയ്തില്ലെങ്കില്‍ ആ ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ വലിയ സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ.
അതൊക്കെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്ന കാര്യങ്ങളാണ്. എത്രമാത്രം ക്രിമിനല്‍ രീതിയാണ് വരുന്നത് എന്നതാണ്. നമ്മുടെ സമൂഹത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്ക് പൊതുവെ ഉണ്ടായിരുന്ന ഒരു പൊതു അംഗീകാരമുണ്ട്. അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ്.
നമ്മുടെ രാജ്യത്തായാലും സംസ്ഥാനത്തായാലും ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളം പോയ ഒരു കാര്യം ഇതേ വരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല. അതും ഒരു പൊതുപ്രവര്‍ത്തകന്‍.
അങ്ങനെ വരുമ്പോള്‍ സാധാരണ നിലയ്ക്ക് ശക്തമായ നിലപാട് എടുത്ത് പോകണം. പക്ഷേ ഇവിടെ വന്ന പ്രശ്‌നം എല്ലാം താത്പര്യങ്ങള്‍ വെച്ച് നോക്കുകയാണ്.
പ്രതിപക്ഷ നേതാവ് എന്ന് പറയുന്നത് പ്രധാനപ്പെട്ട സ്ഥാനമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായി.
അതൊന്നും മറ്റൊരു രീതിയിലല്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നതിന്റെ മേലെ അവരുടെ വികാരം പ്രകടിപ്പിക്കുന്ന അവസ്ഥയുണ്ടായി.
പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്‍മികതയും ഉണ്ട്. അത് നഷ്ടപ്പെട്ടുപോകുമല്ലോ എന്ന മനോവ്യഥ കോണ്‍ഗ്രസിലെ പലരും പ്രകടിപ്പിച്ചു.
ഇവിടെ ചിലരെ തെറ്റായ രീതിയില്‍ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി ചില നേതാക്കള്‍ ശ്രമിച്ചു എന്ന് നേരത്തെ തന്നെ വാര്‍ത്തതയുണ്ടായിരുന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാളെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന നില, അത് പ്രതിപക്ഷ നേതാവിനെ പോലെ ഒരാളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല.
അദ്ദേഹം അങ്ങ് പ്രകോപിതനാവുകയാണ്. എന്നിട്ട് എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥ സ്വീകരിക്കുകയാണ്. അങ്ങനെ ഒരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരു ആള്‍ പോകാന്‍ പാടുണ്ടോ.
തന്റെ പാര്‍ട്ടിയില്‍പ്പെട്ട മുതിര്‍ന്ന ആളുകള്‍ എന്തുകൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതമായത് എന്ന് ചിന്തിക്കണ്ടേ. ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയല്ലല്ലോ, ഒരുപാട് ആളുകള്‍ പറഞ്ഞു. ആ വികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണമല്ലേ ഉണ്ടാകേണ്ടിയിരുന്നത്. ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിക്കേണ്ടതാണ്. പക്ഷേ ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്, പിണറായി വിജയന്‍ പറഞ്ഞു.
Content Highlight: Pinarayi Vijayan about Rahul Mamkoottahil issue