തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതി ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എം.ശ്രീയുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടപ്പോള്‍ ഒട്ടേറെ വിവാദങ്ങളും ആശങ്കകളും ഉയര്‍ന്നുവന്നെന്നും ഈ സാഹചര്യം കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ നടത്താന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ റിപ്പോര്‍ട്ട് വരുന്നതുവരെ പി.എം.ശ്രീയുമായി ബന്ധപ്പെട്ടുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണെന്നും ആ കാര്യം കേന്ദ്രസര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ കമ്മിറ്റിയില്‍ മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, പ്രസാദ്, പി. രാജീവ്, കെ. കൃഷ്ണന്‍ കുട്ടി, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് ഉണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കയും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ചു.
നമ്മുടെ സംസ്ഥാനം ഉള്‍പ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പുനപരിശോധന തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാണ് ഇത്. ഈ നീക്കത്തിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭ നേരത്തെ ഐക്യകണ്‌ഠേന പ്രമേയം അംഗീകരിച്ചതാണ്.
എസ്.ഐ.ആര്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും സുതാര്യമായ വോട്ടര്‍പട്ടിക പുതുക്കല്‍ നടക്കണമെന്നുമാണ് നിയമസഭ ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടേയും അഭിപ്രായം അവഗണിച്ചാണ് എസ്.ഐ.ആര്‍ നടപ്പാക്കുമെന്ന തീരുമാനം ഇപ്പോള്‍ എടുത്തിട്ടുള്ളത്.
സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇതിപ്പോള്‍ പ്രായോഗികമല്ല എന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അഭിപ്രായപ്പെട്ടതാണ്. ഈ തീരുമാനം ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ്.
അതിന്റെ ഭാഗമായി ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഒരു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ അഞ്ചിന് നാല് മണിക്ക് ആ യോഗം ചേരാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്, മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Pinarayi Vijayan about PM Sree and S.I.R